വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പതിനൊന്ന് വയസ്സുകാരന്റെ തലയിലെ മുറിവില്‍ സ്റ്റിച്ചിട്ട സംഭവത്തില്‍ ആര്‍എംഒയുടെ റിപ്പോര്‍ട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോള്‍ ജനറേറ്ററുമായുള്ള സ്വിച്ച് ഓവര്‍ ബട്ടണ്‍ തകരാറിലായതെന്നാണ് വിശദീകരണം. പ്രാഥമിക റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി. അതേസമയം ഡീസല്‍ ഇല്ലാ എന്ന് ആശുപത്രി ജീവനക്കാരന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് വിശദമായി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആശുപത്രിയില്‍ വെളിച്ചം ഇല്ലാതിരുന്നതിനാല്‍ മുറിവ് ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ പോലും സാധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ഡ്രസിംഗ് റൂമില്‍ വൈദ്യുതി ഇല്ലായിരുന്നെന്നും ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. വീട്ടില്‍ വീണതിനെ തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചെമ്പ് സ്വദേശി എസ്. ദേവതീര്‍ഥിനെയാണ് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തുന്നല്‍ ഇട്ടത്. സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നുണ്ടായിരുന്നു.
അതേസമയം ജനറേറ്ററ് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ആശുപത്രി ജീവനക്കാരന്‍ നല്‍കിയ മറുപടി. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കസഹായത്തോടെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലായിരുന്നു തലയില്‍ സ്റ്റിച്ചിട്ടത്.