X

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ച സംഭവം; കെ.എസ്.യു മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലേക്ക് കെ.എസ്.യു മാർച്ച്. മാർച്ച് ബാരിക്കേഡുയർത്തി പൊലീസ് തടഞ്ഞു. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഘർഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ മുതൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പാളയത്ത് വെച്ച് പൊലീസ ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ഇതോടെ വനിത പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചിരുന്നു. തങ്ങള്‍ പ്രതിഷേധിക്കുന്നത് കെഎസ്‌യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്‌ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരനായ രണ്ടാം വർഷ വിദ്യാർഥിയെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ ചേർന്ന് മർദിച്ചത്. വിദ്യാർഥിയെ കോളജിലെ യൂനിയൻ മുറിയിലിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പരാതി നൽകി. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി അടക്കം നാലു പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

webdesk14: