X

കൈവിലങ്ങ് വെച്ച സംഭവം: സമരം കടുപ്പിച്ച് എം.എസ്.എഫ് ; പരാതി നല്‍കും

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ കൈവിലങ്ങ് വെച്ച സംഭവത്തില്‍ എം.എസ്.എഫ് മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിക്കും ഇന്ന് പരാതി നല്‍കും. കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കുക. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരാനാണ് എം.എസ്.എഫിന്റെ തീരുമാനം.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഡി.ഡി.ഇ ഓഫീസുകള്‍ അനിശ്ചിത കാലത്തേക്ക് ഉപരോധിച്ചു സമരം കടുപ്പിക്കാന്‍ ആണ് തീരുമാനം. അതേസമയം, വിഷയത്തില്‍ പ്രതിഷേധവുമായി മുസ് ലിംലീഗും രംഗത്തെത്തിയിരുന്നു.

എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ കൈവിലങ്ങു വെച്ച സംഭവത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കൈ വിലങ്ങ് വെച്ചത് നിയമ വിരുദ്ധമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൈ വിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതിയുടെ കൃത്യമായ നിര്‍ദേശം ഉണ്ട്. പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങള്‍. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെക്കുകയായിരുന്നു.

ഇതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎം.എ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ഭരണം കയ്യില്‍ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുത്. പൊലീസിന്റെത്് ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

webdesk13: