കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് 3 പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആനകളുടെ പരിപാലനവും എഴുന്നള്ളിപ്പും സംബന്ധിച്ച് ഇടഞ്ഞ ആനകളുടെ ഉടമസ്ഥരെന്ന നിലയിലാണ് ഗുരുവായൂര്‍ ദേവസ്വത്തോട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആനകള്‍ക്ക് പരിക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും, ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ആനകളുടെ ബുക്കിങ് എങ്ങനെയാണ് എന്നതിലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര മാസമായി ആനകളെ വിവിധ ജില്ലകളിലായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു ആന ജനുവരി 2 മുതല്‍ തുടര്‍ച്ചയായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം റജിസ്റ്ററില്‍ വ്യക്തമാണ്. ഇത് വരുമാനത്തിനു വേണ്ടിയാണോ?. ദേവസ്വത്തിന് ഈ വരുമാനം കിട്ടിയിട്ടു വേണോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ആനകളുടെ ഭക്ഷണക്രമം റജിസ്റ്ററില്‍ രേഖപ്പെടുത്താതില്‍ കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചു. ആനകളെ പുറത്തേക്ക് കൊണ്ടു പോകുമ്പോഴും ഭക്ഷണ റജിസ്റ്റര്‍ കൃത്യമായി പാലിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഗുരുവായൂര്‍ മുതല്‍ കൊയിലാണ്ടി വരെ 156 കിലോമീറ്റര്‍ ദൂരം ആനയെ കൊണ്ടുപോയി. എത്ര മണിക്കൂര്‍ എടുത്തുന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് ധാരണയുണ്ടോ എന്നും കോടതി ചോദിച്ചു.