X

പെരുന്നാള്‍ ദിനത്തില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍

സ്‌റ്റോക്ക്‌ഹോമിലെ മുസ്‌ലിം പള്ളിയ്ക്ക് മുന്നില്‍ വെച്ച് ഇസ്‌ലാം മതഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍. ‘ ഇത്തരം പ്രകടനങ്ങളിലൂടെ ചില വ്യക്തികള്‍ ചെയ്യുന്ന ഇസ്ലാമോഫോബിക് പ്രവൃത്തികള്‍ ഇസ്‌ലാം മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുമെന്ന് സ്വീഡിഷ് സര്‍ക്കാര്‍ മനസിലാക്കുന്നു,’ എന്നാണ് സ്വീഡനിലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘ സ്വീഡിഷ് സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളല്ല ഇത്തരം പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നത്. ഈ പ്രവൃത്തിയെ നിശിതമായി വിമര്‍ശിക്കുന്നു,’ എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു സ്വീഡിഷ് സര്‍ക്കാരിന്റെ പ്രതികരണം. സ്വീഡനില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് വംശജനായ യുവാവ് ഖുര്‍ആന്‍ പരസ്യമായി കത്തിച്ചത്. സല്‍വാന്‍ മോമിക എന്നയാളാണ് ഖുര്‍ആന്‍ പലതവണ ചവിട്ടുകയും ഗ്രസ്ഥത്തിന്റെ പേജുകള്‍ കത്തിയ്ക്കുകയും ചെയ്തത്.

‘ ഖുര്‍ആന്‍ ഉള്‍പ്പടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിക്കുന്നത് പ്രകോപനപരമാണ്. വംശീയത, മത വിദ്വേഷം, മതപരമായ അസഹിഷ്ണുത എന്നിവയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് സ്വീഡനിലും യുറോപ്പിലും സ്ഥാനമില്ല,’ വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പൗരന്‍മാരുടെ ആവിഷ്‌കാര സ്വതന്ത്ര്യം ഉറപ്പാക്കുന്ന അവകാശങ്ങളും സ്വീഡിഷ് ഭരണഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖ്, കുവൈറ്റ്, യുഎഇ, മോറോക്കോ, തുടങ്ങിയ രാജ്യങ്ങള്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

webdesk13: