X

കങ്കണ റണാവത്തിനെ തല്ലിയ സംഭവം; സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സംഭവത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിന് സ്ഥലം മാറ്റം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്‍വീന്ദര്‍ കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കര്‍ണാടക സി.ഐ.എസ്.എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കൗറിനെ മാറ്റിയത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനും മറ്റ് പ്രധാന പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നത് പത്താം ബറ്റാലിയനാണ്. അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നിരുന്നാലും പത്താം ബറ്റാലിയനിലെ ഏത് പോസ്റ്റിലേക്കാണ് കൗറിനെ മാറ്റിയതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇവരുടെ ഭര്‍ത്താവ് ഛത്തീസ്ഗഢ് എയര്‍പോര്‍ട്ടില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായി ജോലിയില്‍ തുടരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് കൗര്‍ സസ്പെന്‍ഷനില്‍ ആയിരുന്നു. ജൂണ്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ്ഗഢ് വിമാനത്താവളത്തില്‍ വെച്ച് കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കര്‍ഷക സമരത്തിനെതിരെയുള്ള കങ്കണയുടെ പരാമര്‍ശത്തില്‍ രോഷാകുലയായതിനാലാണ് താന്‍ കങ്കണയുടെ മുഖത്തടിച്ചതെന്ന് കൗര്‍ പറഞ്ഞിരുന്നു.

നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ സമരത്തിന് പോയിരിക്കുന്നതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണ ഈ പ്രസ്താവന പറയുമ്പോള്‍ തന്റെ മാതാവും സമരത്തില്‍ ഉണ്ടായിരുന്നെന്നും കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ കങ്കണ തയാറാകുമോയെന്നും കൗര്‍ ചോദിച്ചു.

അതേ സമയം വിമാനത്താവളത്തില്‍ വെച്ച് തനിക്ക് മര്‍ദനമേറ്റെന്നും ഉദ്യോഗസ്ഥ തന്നെ തല്ലുകയായിരുന്നെന്നും പഞ്ചാബില്‍ തീവ്രവാദം വര്‍ധിച്ചെന്നും കങ്കണ പ്രസ്താവിച്ചു. തന്നെ കാത്ത് നിന്ന് മര്‍ദിക്കുകയായിരുന്നെന്നും സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്‍ദനമേറ്റതെന്നും അവര്‍ പറഞ്ഞിരുന്നു. കങ്കണയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥയെ സി.ഐ.എസ്.എഫ് സസ്പെന്‍ഡ് ചെയ്തിരുന്നു.

കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പടെ നിരവധി കര്‍ഷക സംഘടനകള്‍ കൗറിന് പിന്തുണയുമായി എത്തിയിരുന്നു. തമിഴ് നാട്ടിലെ പെരിയാര്‍ ദ്രാവിഡ കഴകം പാര്‍ട്ടി അവര്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

webdesk13: