എം.എസ്.എഫ് നേതാക്കളെ കയ്യാമം വെച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വണ്ണിന് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട എം.എസ്.എഫ് നേതാക്കളെയാണ് കയ്യാമം വെച്ചത്. ന്യായമായ ആവശ്യമാണിതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ അറിയാം. ഇതെവിടുത്തെ മര്യാദയാണ്? എന്ത് ന്യായമാണ് പറയാനുള്ളത്? ക്രിമിനല്‍ കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വി.ഐ.പികളെ കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോകുന്നത്. സുപ്രിംകോടതി വിധിക്കെതിരെയാണ് പോലീസ് പ്രവര്‍ത്തിച്ചത്. കയ്യാമം വെക്കാന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം. സ്റ്റേഷന്‍ ജാമ്യം കൊടുക്കേണ്ട കേസിനാണ് ഇത് ചെയ്തത്. കരിങ്കൊടി കാണിച്ചു എന്നല്ലാതെ ഒരക്രമവും അവര്‍ കാണിച്ചിട്ടില്ല. ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് കയ്യാമം വെച്ച് കൊണ്ടുപോകുന്നത്. മാര്‍ക്ക് തട്ടിപ്പ് നടത്തിയവരെ വി.ഐ.പികളെ പോലെ കൊണ്ടുപോകുന്നു. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും. – അദ്ദേഹം വ്യക്തമാക്കി.
പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണ്. എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും ഈ സര്‍ക്കാര്‍ പഠിക്കാന്‍ അവസരം നല്‍കുന്നില്ല. മെറിറ്റ് കഴിഞ്ഞിട്ടാണ് കമ്യൂണിറ്റി ക്വാട്ട. എന്നാല്‍ അത് അട്ടിമറിച്ച് മെറിറ്റില്‍ സാധ്യതയുള്ളവരെയും കമ്യൂണിറ്റി ക്വാട്ടയിലേക്ക് മാറ്റുകയാണ്. ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് നീങ്ങുന്നത്. വളരെ ഗൗരവമുള്ള സ്ഥിതിവിശേഷമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.