കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മുഖ്യസംഘാടകര്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷന്‍, ഓസ്‌കാര്‍ ഇവന്റസ് ഉടമകള്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പരിപാടിയില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ്, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. പകടകരമായ രീതിയിലാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാന്‍ കാരണമായെന്നും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം പരിപാടിയുടെ സംഘാടകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഘടകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്‌തെന്ന ബിഎന്‍എസ് 110 വകുപ്പുകള്‍ ആണ് ചേര്‍ത്തിരുക്കുന്നത്. തുടര്‍ന്ന് സംഘാടകര്‍ കീഴടങ്ങണമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു.
ഉമാതോമസ് എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതില്‍ സംഘാടകര്‍ക്കെതിരെ നരഹത്യാകുറ്റത്തിനാണ് കേസ്. മൂന്ന് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തത്. നടി ദിവ്യാ ഉണ്ണി, നടന്‍ സിജോയ് വര്‍ഗീസ് എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.