ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരെ രക്ഷിക്കാനാണ് മന്ത്രി സജി ചെറിയാന്‍ രംഗത്തിറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവന സംഘാടകരെ സംരക്ഷിക്കാനാണെന്നും സതീശന്‍ പറഞ്ഞു.
ആളുകള്‍ അകത്തേക്ക് കയറുന്നതുപോലും പോലീസ് പരിശോധിച്ചിട്ടില്ലെന്നും സംഭവത്തില്‍ ജിസിഡിഎക്കെതിരെയും അന്വേഷണം വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കേണ്ടത് ജിസിഡിഎയുടെ ഉത്തരവാദിത്തമാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, കലൂര്‍ സ്റ്റേഡിയത്തിന്റെ വേദിയില്‍നിന്ന് വീണ് അപകടം സംഭവിച്ച് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമാ തോമസിന് ബോധം തെളിഞ്ഞെന്നും ചോദ്യങ്ങളോട് പ്രതികരിച്ചെന്നും ഡോക്ടര്‍ അറിയിച്ചു. അതേസമയം അവര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.