കലൂരിലെ നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എ അപകടത്തിലപ്പെട്ട സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പാലാവരിവട്ടം പൊലീസ് കേസെടുത്തു. സ്‌റ്റേജ് നിര്‍മിച്ചവര്‍ക്കെതിരേയും മൃദംഗമിഷനെതിരെയുമാണ് കേസ്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്‌റ്റേജ് നിര്‍മിച്ചതിലും പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനുമാണ് കേസ്.
ഉമാ തോമസ് എം.എല്‍.എ പതിനാലടിയോളം ഉയരത്തില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റെന്നും സ്‌റ്റേജ് നിര്‍മാണത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. സ്‌റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് കടന്നുപോകാനുള്ള സ്ഥലമുണ്ടായിരുന്നില്ല, സുരക്ഷാവേലിയില്ല തുടങ്ങിയവയാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിബണ്‍ കണ്ടപ്പോള്‍ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതിച്ചേര്‍ക്കപ്പെട്ടവരുടെ ആരുടേയും പേരുവുവിവരങ്ങള്‍ എഫ്.ഐ.ആര്‍ല്‍ ഇല്ല. ഇന്ന് പുലര്‍ച്ചെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് വിശദമായ അന്വേഷണത്തിന് ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് ഉമാ തോമസ് എം.എല്‍.എ വീണത്. ഉടന്‍തന്നെ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി സജി ചെറിയാന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത് എന്നിവരുള്‍പ്പെടെയുള്ള അതിഥികള്‍ അപകടം നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്നു.
വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്നു ഉമാ തോമസ്. വേദിയുടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. വേദിയുടെ താഴെ നിന്നിരുന്നവരാണ് നിലവിളി കേട്ട് ഓടിയെത്തി എം.എല്‍.എ.യെ ആംബുലന്‍സിലെത്തിച്ചത്.