ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ഇല്ല. പകരം പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും. അനൂപിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി നേരിട്ട അതിക്രൂരമായ മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ ശരീരമാസകലം മുറിപ്പാടുകളും ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായതായും കണ്ടെത്തി. കഴുത്തില്‍ ഷോള്‍ കുരുക്കിയത് മരണത്തിലേക്ക് നയിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
പ്രതിക്ക് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാല്‍ മര്‍ദ്ദനത്തിനിടെ മനോവിഷമത്തില്‍ യുവതി ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി താഴേക്കിറക്കുകയായിരുന്നു. അതിനാല്‍ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും കുറ്റകരമായ നരഹത്യ ചുമത്തുമെന്നുമാണ് ചോറ്റാനിക്കര പൊലീസിന്റെ പ്രതികരണം. നേരത്തെ പ്രതിക്കെതിരെ വധശ്രമം, പീഡനം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.