താമരശ്ശേരി രൂപത സ്‌കൂളിലെ അധ്യാപിക ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴിലുള്ള സ്‌കൂളിലെ അധ്യാപിക അലീന ബെന്നി ആതഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ആറ് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളമോ സ്ഥിരം നിയമനമോ ലഭിക്കാത്തതില്‍ മനംനൊന്ത് അലീന ജീവനൊടുക്കുകയായിരുന്നു. താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റ് 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും നിയമനം നല്‍കാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു.

മകളുടെ മരണത്തിന് ഉത്തരവാദി താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റാണെന്ന് അലീനയുടെ പിതാവ് കട്ടിപ്പാറ വളവനാനിക്കല്‍ ബെന്നി പറഞ്ഞു. സ്‌കൂള്‍ മാറ്റ സമയത്ത് കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവിലെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയിരുന്നുവെന്ന് പിതാവ് ബെന്നി ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളര്‍ന്നുവെന്നും പിതാവ് പറഞ്ഞു. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ഇന്നലെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്.

താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ അലീന അഞ്ചു വര്‍ഷം ജോലി ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറു വര്‍ഷം മുന്‍പ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നല്‍കിയതായി കുടുംബം പറഞ്ഞു. എന്നാല്‍, അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. അധ്യാപകര്‍ പിരിവെടുത്താണ് വണ്ടിക്കൂലി നല്‍കിയിരുന്നത്.

കട്ടിപ്പാറ സ്‌കൂളില്‍ ലീവ് വേക്കന്‍സിയില്‍ ജോലിക്ക് കയറിയതായിരുന്നു യുവധി. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ക്ക് ജോലി നല്‍കിയത്. എന്നാല്‍, അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയുടെ ജോലി പോയി. കുടുംബം താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍നിന്ന് ദൂരെയുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. എന്നാല്‍, ഇതും പാഴ്വാക്കായി. അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം രൂപത നിഷേധിച്ചു.

webdesk18:
whatsapp
line