X
    Categories: CultureNewsViews

സാമ്പത്തിക സംവരണത്തിലെ അനീതി പുറത്ത്: 500 മാര്‍ക്കുനേടിയ മുന്നാക്കക്കാരന് ഫീസ് 25,000രൂപ; പിന്നാക്കക്കാരന് ആറുലക്ഷം


കെ.പി ജലീല്‍
പാലക്കാട്: ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാരിലെ പത്തുശതമാനം സംവരണം സാമൂഹികഅനീതിയുടെ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമത്തിലെ പഴുതുകളാണ് പിന്നാക്കവിഭാഗങ്ങള്‍ക്കും മുന്നാക്കക്കാര്‍ക്കുതന്നെയും പാരയായിരിക്കുന്നത്. ബില്‍ നിയമമായ ശേഷം നടന്ന ആദ്യസര്‍ക്കാര്‍ സംവരണത്തിലാണ് ഇത് വെളിച്ചത്തായിരിക്കുന്നത്. സാമ്പത്തികസംവരണം മൂലം ഇത്തവണത്തെ എം.ബി.ബി.എസ് സീറ്റുകളില്‍ മുന്നാക്കക്കാര്‍ നേടിയ സംവരണസീറ്റുകളാണ് അനീതി തുറന്നുകാട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 1455 സീറ്റുകളില്‍ 255 എണ്ണമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി (ഇ.ഡബ്ലിയു.എ്‌സ്) സംവരണംചെയ്തിട്ടുള്ളത്. ഇതിനായി വിദ്യാര്‍ത്ഥികള്‍ ഹാജരാക്കിയ സാക്ഷ്യപത്രമാണ് പഴുതുകളുടെ പ്രത്യക്ഷതെളിവ്. കേരളത്തില്‍ 12ശതമാനം മാത്രമുള്ള നായര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
ഇത്തവണത്തെ സര്‍ക്കാര്‍ എം.ബി.ബി.എസ് സീറ്റുകളില്‍ പിന്നാക്ക സമുദായത്തില്‍പെട്ട കുട്ടികളില്‍ നീറ്റ് പരീക്ഷയില്‍ 700ല്‍ 500 മാര്‍ക്ക് വരെ നേടിയവര്‍ക്കുപോലും (കേരളമെഡിക്കല്‍റാങ്ക് 6000ത്തോളം) കുറഞ്ഞ ഫീസുള്ള സര്‍ക്കാര്‍സീറ്റ് ലഭിച്ചിട്ടില്ലാത്തപ്പോള്‍ 480 മാര്‍ക്ക് ലഭിച്ച മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെഡി.കോളജില്‍ സീറ്റ് ലഭിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 3000 ത്തിലധികം സീറ്റുള്ളപ്പോള്‍ സര്‍ക്കാരില്‍ ഇത് 1455 മാത്രമാണ്. ഇതാണ് പിന്നാക്കവിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണം. മുസ്‌ലിം ക്വാട്ടയില്‍ ഇത്തവണ 1417 ആണ് സര്‍ക്കാര്‍ മെഡി.കോളജിലെ (കൊല്ലം പാരിപ്പള്ളി)അവസാനറാങ്ക് .ഈഴവവിഭാഗത്തിനുള്ള അവസാനറാങ്ക് 1654 ഉം. എന്നാല്‍ ഇ.ഡബ്ലിയു.എസ് ക്വാട്ടയില്‍ 8614 റാങ്ക് ലഭിച്ച കുട്ടിക്ക് സര്‍ക്കാര്‍ കോളജില്‍ (മഞ്ചേരി ഗവ. മെഡി.കോളജ്)സീറ്റ് ലഭിച്ചു.
കുശവവിഭാഗത്തിന് ലഭിച്ചതിന് ഏതാണ്ട് തുല്യമാണ് ഇത്- 8480. അതായത് പിന്നാക്കവിഭാഗത്തിലെ കുട്ടിയുടെ വാര്‍ഷികകുടുംബവരുമാനം ഒരുലക്ഷമായിരുന്നാലും സര്‍ക്കാര്‍സീറ്റ് ലഭിക്കാത്തപ്പോള്‍ മുന്നാക്കക്കാരിലെ കുടുംബത്തിന് 8 ലക്ഷം രൂപ വാര്‍ഷികവരുമാനമുണ്ടെങ്കില്‍ സര്‍ക്കാര്‍ സീറ്റ് ലഭിച്ചു എന്നര്‍ത്ഥം. സ്വന്തമായി 1000 ചതുരശ്രയടി വീടും അഞ്ചേക്കറിന് താഴെ കൃഷിഭൂമിയും വാര്‍ഷികവരുമാനം എട്ടുലക്ഷത്തില്‍ താഴെയുള്ളവരും നാലുസെന്റുവരെ പുരയിടവുമുള്ളവര്‍ക്കാണ് ഇ.ഡബ്ലിയു.എസിന് അര്‍ഹരെന്നാണ് ചട്ടം. ഇത് വ്യാപകമായി ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്.
തഹസില്‍ദാര്‍മാരാണ് ഇ.ഡബ്ലിയു.എസ് സാക്ഷ്യപത്രം അനുവദിക്കുന്നത്. ഇനി വരുന്ന സര്‍ക്കാര്‍സര്‍വീസിലെ ഒഴിവുകളില്‍ ഈ ്അനീതി കൂടുതല്‍ പ്രകടമാകും.
സീറ്റുകള്‍ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ എം.ബി.ബി.എസ് സീറ്റുകള്‍ ഇവര്‍ക്കായി അനുവദിച്ചതെങ്കില്‍ സര്‍ക്കാര്‍ ഒഴിവുകളില്‍ എങ്ങനെയാണ് തസ്തികകള്‍ കൂട്ടാന്‍ കഴിയുക എന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. ഭരണഘടനാദത്തമായ ജാതിസംവരണം സാമ്പത്തികത്തിന് വഴിമാറിയപ്പോഴാണ് ഈ അനീതി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: