X

മോഷ്ടാവെന്ന പേരില്‍ നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: മോഷ്ടാവിന്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലീസ് പ്രചരിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ഫറോക്ക് സ്വദേശി ബഷീറിനാണ് ദുരനുഭവമുണ്ടായത്.

പൊലീസ് ഒരു ശബ്ദ സന്ദേശത്തോടൊപ്പമാണ് ബഷീറിന്റെ ചിത്രം പുറത്തുവിട്ടത്. ഒരു ആക്രിക്കടയില്‍ സാധനം വില്‍ക്കാനെത്തിയ താന്‍ എങ്ങനെയാണ് മോഷ്ടാവായതെന്ന് ബഷീറിന് അറിയില്ല. വിവാഹ പ്രായമെത്തിയ മക്കളുള്ള ബഷീറിന് ഇത് വലിയ നാണക്കേടായി മാറിയിരുന്നു. ഇതിനിടയില്‍ അബദ്ധം തിരിച്ചറിഞ്ഞ പോലീസ് യഥാര്‍ത്ഥ പ്രതിയുടെ ചിത്രം പതിപ്പിച്ച് മറ്റൊരു നോട്ടീസ് ഇറക്കിയെങ്കിലും ബഷീറിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ വലിയ പ്രചാരം നേടി കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 29 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

webdesk11: