X

പത്മശ്രീ കെ.വി റാബിയയുടെ വീട്ടില്‍ ഐ.എം.എ മ്യൂസിയമൊരുക്കും

പത്മശ്രീ കെ.വി റാബിയയുടെ വീട്ടില്‍ ഐ.എം.എ ഉപഹാര മ്യൂസിയമൊരുക്കും. പത്മശ്രീയുടെ നിറവില്‍ റാബിയയെ അഭിനന്ദിക്കാനെത്തുന്നവരുടെ ഉപഹാരങ്ങള്‍ സൂക്ഷിക്കാനൊരു സൗകര്യം പോലും റാബിയയുടെ വീട്ടിലില്ലാത്തത് ചന്ദ്രിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ. ശ്രീബിജു തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ ഡോ. ശ്രീബിജു, ഐ.എം.എ തിരൂരങ്ങാടി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഇ.എസ് സജീവന്‍, വൈസ് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ പിള്ള, എക്‌സിക്യൂട്ടീവ് അംഗം ഡോ. അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ റാബിയയെ സന്ദര്‍ശിച്ചാണ് മ്യൂസിയത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. റാബിയയുടെ വെള്ളിലക്കാട്ടെ വീട്ടില്‍ തന്നെയാകും മ്യൂസിയം ഒരുക്കുക.അതിനായി പ്രത്യേകം ഡിസൈന്‍ തയാറാക്കുന്നതിന് ഐ.എം.എ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ പ്രവൃത്തികള്‍ ഇന്നലെ തന്നെ ആരംഭിച്ചു. ഓഫീസ് റൂം മ്യൂസിയമാക്കി സെറ്റ് ചെയ്യുന്നതിനാണ് ഡിസൈന്‍ തയാറാക്കുന്നത്. ഇതിനായുള്ള മുഴുവന്‍ ചെലവും ഐ.എം.എ വഹിക്കുമെന്ന് ഭാരവാഹികള്‍ റാബിയയെ അറിയിച്ചു.

ചക്രക്കസേരയിലിരുന്ന് കെ.വി റാബിയ നാട്ടിയ അക്ഷര വെളിച്ചത്തിന്റെ വിളക്കുമരങ്ങളാല്‍ ഉത്ഥാനത്തിന്റെ പ്രകാശം നുകര്‍ന്ന വെള്ളിനക്കാട് ഗ്രാമത്തിലേക്ക് സന്ദര്‍ശകരുടെയും പുരസ്‌കാരങ്ങളുടെയും പ്രവാഹമാണ്. നീണ്ട ഒരിടവേളക്ക് ശേഷമാണ് റാബിയയെ തേടി വി.ഐ.പികളുള്‍പ്പെടെ നിരവധി സന്ദര്‍ശകര്‍ ഈ കൊച്ചുഗ്രാമത്തിലെത്തുന്നത്. പത്മശ്രീ തിളക്കത്തില്‍ രോഗശയ്യയില്‍ കിടന്ന് എല്ലാവരെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ് റാബിയ.

ഇച്ഛാശക്തിയുടെ കരുത്തില്‍ യശസ്സിന്റെ ഔന്നത്യത്തിലേക്ക് വീല്‍ചെയറുരുട്ടിയ റാബിയയെ തേടിയെത്തിയ പ്രശസ്തിയോടൊപ്പമാണ് ഗ്രാമത്തിലേക്ക് വൈദ്യുതിയും വെള്ളവും വെളിച്ചവും റോഡുമെല്ലാം യാഥാര്‍ത്ഥ്യമായത്. പത്മശ്രീയുടെ നിറവില്‍ റാബിയയെ അഭിനന്ദിക്കാനെത്തുന്നവരുടെ ഉപഹാരങ്ങള്‍ സൂക്ഷിക്കാനൊരു സൗകര്യം പോലും വീട്ടിലുണ്ടായിരുന്നില്ല. തീന്‍ മേശയുടെ പുറത്ത് കുന്നുകൂട്ടി വെച്ചിരിക്കുന്ന ഇവയെല്ലാം ഒന്നടുക്കിവെച്ച് കാണാന്‍ റാബിയക്കാഗ്രഹമുണ്ടെങ്കിലും എങ്ങിനെ യാഥാര്‍ത്ഥ്യമാവുമെന്ന് ആശങ്കയിലായിരുന്നു ചന്ദ്രിക വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

Test User: