ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ഇത് കോണ്‍ഗ്രസിനെതിരെയുള്ള ക്രിമിനല്‍ നടപടി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണയാണെന്നും രാഹുല്‍ ഗാന്ധി.
ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെതിരായ ഈ ക്രിമിനല്‍ നടപടിക്കെതിരെ ഇവര്‍ പ്രതികരിക്കുന്നില്ല. മോദി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തെ കൂടിയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് സോണിയ ഗാന്ധി. വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാത്രമല്ല, ജനാധിപത്യത്തെ തന്നെ ബാധിക്കുന്നു.
കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് മോദിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഏത് പ്രതിസന്ധിയും കോണ്‍ഗ്രസ് നേരിടും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ട് പോകും. ബിജെപിയെ ശക്തിയുക്തം എതിര്‍ക്കുമെന്നും സോണിയ.