മനുഷ്യനും ഇതര ജീവിവര്‍ഗങ്ങളും സൃഷ്ടിക്കപ്പെട്ടത് പ്രധാനമായും ആണ്‍ പെണ്‍ എന്നീ രണ്ടുതരം വര്‍ഗങ്ങളായാണ്. അതിനൊരു മാറ്റവും വരുത്താന്‍ ലോകത്തിന്നുവരെയുള്ള ഒരുശക്തിക്കും സാധ്യമായിട്ടില്ല. പുരുഷനായാലും സ്ത്രീയായാലും ശാസ്ത്ര പുരോഗതിപോലും മനുഷ്യന്റെ ജീവിത സൗകര്യങ്ങളും പ്രയാസങ്ങളും മെച്ചപ്പെടുത്താനും പരിഹരിക്കാനുമായാണ് ഉപയോഗപ്പെടുത്തപ്പെട്ടിട്ടുള്ളത്. വിവാഹം-കുടുംബം സംവിധാനങ്ങള്‍ രൂപപ്പെടുന്നതിനുമുമ്പും ശേഷവും മനുഷ്യന്റെ ലൈംഗിക വ്യതിരിക്തതകള്‍ക്ക് മാറ്റമേതും സംഭവിച്ചിട്ടില്ല. സ്ത്രീ എന്നത് പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്നതും പുരുഷന്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതുമാണ് അനാദികാലം മുതലുള്ള കീഴ്‌വഴക്കം. ഇരുവരുടെയും കായികശേഷിയിലെ വ്യത്യസ്തതയാണ് അതിനുകാരണം. പ്രസവത്തിന്റെ കാര്യത്തില്‍ സര്‍വ ജീവിവര്‍ഗങ്ങളിലും സ്ത്രീയെയാണ് പ്രകൃതി നിയോഗിച്ചിട്ടുള്ളത്. പെണ്‍പക്ഷി മുട്ടയിട്ട് അടയിരുന്ന് കുഞ്ഞ് വിരിഞ്ഞുകഴിഞ്ഞാല്‍ പറക്കാന്‍ ശേഷിനേടുംവരെ അവക്കുള്ള ഭക്ഷണം കണ്ടെത്തി എത്തിക്കുന്ന വേഴാമ്പലിനെക്കുറിച്ച് ശാസ്ത്രം പറയുന്നതുകേട്ട് നമ്മളാരും ഞെട്ടുന്നില്ല. ഭക്ഷണം എത്തിക്കുന്ന കാലത്ത് അതില്‍നിന്ന് ഒരംശംപോലും സ്വയം ഭക്ഷിക്കാതെയാണ് പുരുഷ വേഴാമ്പല്‍ ജീവിതം സ്വയം അവസാനിപ്പിക്കുന്നത്. അതോടെ അത് ചത്തു വീഴുകയാണ്. ഇതൊക്കെ ഇപ്പോള്‍ ആവര്‍ത്തിച്ചു പറയാന്‍ ഇടയാക്കുംവിധം ലിംഗസമത്വം എന്ന അവസരസമത്വത്തെ വളച്ചൊടിച്ച് അവതരിപ്പിച്ച് നടപ്പാക്കാനുള്ള കൊണ്ടുപിടിച്ച യത്‌നത്തിലാണിപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും സി.പി.എമ്മും. ഇതുസംബന്ധമായ വിവാദത്തിനും അതുകൊണ്ടുതന്നെ സംശയനിവൃത്തി ആവശ്യപ്പെടുന്നു. പുരോഗമനമെന്ന് തെറ്റിദ്ധരിച്ച് പലരും ഇടതുപക്ഷത്തിന്റെ കെണിയില്‍ വീണു പോകാതിരിക്കാനുള്ള തയ്യാറെടുപ്പും ഒരുക്കവും അനിവാര്യമായ സന്ദര്‍ഭമാണിത്.
കേരളത്തിലെ വിദ്യാലയങ്ങളില്‍ ആണ്‍ പെണ്‍ ഭേദമെന്യേ വിദ്യാര്‍ഥികളുടെ വസ്ത്രം ഒരുപോലെയാക്കണമെന്ന വാദമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. എല്ലാവരും ആണ്‍ കുട്ടികളെപോലെ വസ്ത്രം ധരിക്കണമെന്ന വാദമാണ് വിചിത്രമായിരിക്കുന്നത്. തൃശൂര്‍ അളഗപ്പനഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു. സ്ത്രീകളുടെയും ആ വിഭാഗത്തിന്റെയും അവകാശത്തിന്മേലുള്ള നഗ്നമായ കൈകടത്തലായാണ് ഇതിനെ പലരും തിരിച്ചറിയുന്നത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന പാന്റ്്‌സും ഷര്‍ട്ടും പെണ്‍കുട്ടികളും ധരിക്കണമെന്നതാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. അതല്ലാതെ പെണ്‍കുട്ടികളുടെ വസ്ത്രമായ പാവാടയോ മറ്റോ ആണ്‍കുട്ടികള്‍ ധരിക്കണമെന്ന് പറയുന്നില്ല. പെണ്‍കുട്ടികളില്‍ മഹാഭൂരിപക്ഷവും ഇത്തരം ആണ്‍ വസ്ത്രരീതി ഇഷ്ടപ്പെടുന്നില്ലെന്നതാണ് ഇവിടുത്തെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നത്തിന് അടിസ്ഥാനം. എന്തുകൊണ്ട് മറിച്ചായിക്കൂടാ എന്ന ചോദ്യമുയരുന്നത് തമാശക്കായാലും ഇവിടെയാണ്.
ഏതൊരാള്‍ക്കും അവരവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ലോകൈകമായ സാമാന്യനിയമമാണ്. അതാണ് മനുഷ്യത്വപരവും. ഏതെങ്കിലും വസ്ത്രരീതി ആരിലെങ്കിലും അടിച്ചേല്‍പിക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ അവകാശച്ചട്ടങ്ങളും ജനാധിപത്യഭരണകൂടങ്ങളുമെല്ലാം ആവശ്യപ്പെടുന്നു. അഭിപ്രായം അടിച്ചേല്‍പിക്കല്‍ പോലെതന്നെയാണിതും. പെണ്‍കുട്ടിക്കും സ്ത്രീക്കും അവര്‍ക്കിണങ്ങിയതും അവര്‍ ഇഷ്ടപ്പെടുന്നതുമായ വസ്ത്രം ധരിക്കാനനുവദിക്കാതിരുന്നാലത് ഇന്ത്യന്‍ ഭരണഘടനയുടെ പൗരാവകാശത്തിന്റെ നിഷേധമാണ്. തുല്യ നീതിയെക്കുറിച്ച് പറയുന്ന ഭരണഘടന തന്നെയാണ് വ്യക്തിയുടെ അവകാശത്തെക്കുറിച്ചും ഓര്‍മിപ്പിക്കുന്നത് എന്നത് മറന്നുകൂടാ. തുല്യതാസങ്കല്‍പം മറ്റൊരാളുടെ അവകാശത്തിനുമേല്‍ കൈകടത്തുന്നതിന് ഇടയാക്കിക്കൂടാ എന്നര്‍ഥം. അത് ‘തുല്യരില്‍ ഒന്നാമന്‍’ എന്ന കപടവാദത്തിന്റെ ആവര്‍ത്തനമാണ്.
ഇത്തരം ശ്രമങ്ങളില്‍നിന്ന് കമ്യൂണിസ്റ്റുകള്‍ക്ക് പിന്മാറാന്‍ കഴിയില്ലെന്നത് അവരുടെ എക്കാലത്തെയും വീഴ്ചയും വങ്കത്തരവുമാണ്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെക്കുറിച്ചുമൊക്കെ വായിട്ടടിക്കുന്ന ഇവര്‍തന്നെയാണ് പെണ്‍ സമൂഹത്തിന്റെ വസ്ത്രാവകാശത്തിനെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിയിരിക്കുന്നതെന്നതാണ് ഇവിടെ വിചിത്രം. സമൂഹത്തില്‍ ജാതിമത ലിംഗ ഭേദമെന്യേ വലിയകോളിളക്കം സൃഷ്ടിക്കപ്പെടാനേ ഉപകരിക്കൂ എന്ന തിരിച്ചറിവില്‍ എത്രയുംപെട്ടെന്ന് ഇതില്‍നിന്ന് പിന്തിരിയുന്നതാണ് സര്‍ക്കാരിനും സി.പി.എമ്മിനും നല്ലത്. ആരുടെ തലയിലുദിച്ചതാണെങ്കിലും 1980ലെ അറബിഭാഷാ നിരോധനവും 2008ലെ സ്‌കൂള്‍ പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവനും’ ഒക്കെപോലെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറെടുത്തവരുടെ പുതിയ ഭോഷ്‌കും കാപട്യവും കേരളീയ സമൂഹം നിഷ്പ്രയാസം ചെറുത്തുതോല്‍പിക്കുമെന്നേ പറയാനുള്ളൂ. അധാര്‍മികവും അരാജകത്വവുമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അതുതന്നെയാണ് ഇന്നലെ കോഴിക്കോട്ടുചേര്‍ന്ന മുസ്്‌ലിംലീഗ് മുന്‍കൈ എടുത്ത മുസ്്‌ലിംസമുദായസംഘടനകളുടെ യോഗത്തിന്റെ സുചിന്തിതമായ തീരുമാനവും.