കൊല്ലം: പുനലൂര്‍ വാളക്കോട് ഷാജഹാന്‍-നസീറ ദമ്പതികളുടെ മകള്‍ ഷജീറയുടെ (30) ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കല്‍ ബദരിയ മന്‍സിലില്‍ അബ്ദുല്‍ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഭവം നടന്നു 8 വര്‍ഷത്തിനു ശേഷമാണ് അറസ്റ്റ്. വെള്ളത്തില്‍ തള്ളിയിട്ടു കൊന്നുവെന്ന ഷജീറയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി എന്‍. രാജന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു പ്രതിയെ പിടികൂടിയത്. 2015 ജൂണിലാണ് ഷജീറ കൊല്ലപ്പെട്ടത്.
2015 ജൂണ്‍ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടില്‍ കടവ് ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയില്‍ ഷജീറയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരിച്ചു. മരിക്കുന്നതു വരെ ഷജീറ അബോധാവസ്ഥയില്‍ ആയിരുന്നു. ശാസ്താംകോട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഷജീറയുടെ ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിനകമാണ് ഷജീറ മരിക്കുന്നത്. അബ്ദുല്‍ ഷിഹാബ് ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്കു കിട്ടിയതെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടേത് രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ, അബ്ദുല്‍ ഷിഹാബിന്റെ പ്രവൃത്തികള്‍ മൂലം ബന്ധം വേര്‍പ്പെടുത്തുകയായിരുന്നെന്നാണ് വിവരം.
ഷജീറയ്ക്ക് ഫോണ്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. സംഭവ ദിവസം, വീടിനടുത്ത് കരിമീന്‍ കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ടായിരിക്കെ കരിമീന്‍ വാങ്ങാനെന്ന പേരില്‍ 6 കിലോമീറ്റര്‍ അകലെ മണ്‍ട്രോതുരുത്തിനടുത്ത് പെരിങ്ങാലത്തേക്ക് വൈകുന്നേരം മൂന്നരയോടെ ഷജീറയേയും കൂട്ടി ബൈക്കില്‍ പോകുകയും അവിടെ നിന്നും കരിമീന്‍ കിട്ടാതെ തിരികെ ആറരയോടെ ജങ്കാറില്‍ കല്ലുംമൂട്ടില്‍ കടവില്‍ തിരികെ എത്തുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് തലവേദനയാണെന്ന് പറഞ്ഞ് അയാള്‍ ഭാര്യയുമായി രാത്രി ഏഴര വരെ വെളിച്ചക്കുറവുള്ള കടവില്‍ നില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ഷജീറയെ ബോട്ടുജെട്ടിയിലേക്ക് നടത്തിച്ച് വെള്ളത്തില്‍ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കാതെ ഫോണ്‍ ചെയ്തു നില്‍ക്കുകയായിരുന്നു ഷിഹാബെന്നും പൊലീസ് പറയുന്നു. ഷിഹാബിന്റെ പ്രവൃത്തികളില്‍ അന്നു മുതല്‍ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണം വൈകിച്ചു. തുടര്‍ന്ന് സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.