കോട്ടയം: യുകെയില്‍ വൈക്കം സ്വദേശി നഴ്‌സിനേയും രണ്ടു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ് വിധിച്ച് കോടതി. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെയാണ് ശിക്ഷിച്ചത്. നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയുടേതാണ് വിധി.
കഴിഞ്ഞ ഡിസംബറിലായിരുന്നു വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. നോര്‍ത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടില്‍ വെച്ച് തന്നെയായിരുന്നു മൂന്ന് പേരേയും സാജു കൊലപ്പെടത്തിയത്. ആദ്യം ഭാര്യയെ ആയിരുന്നു സാജു കൊലപ്പെടുത്തിയത്. 4 മണിക്കൂര്‍ കഴിഞ്ഞായിരുന്നു മക്കളെ ആക്രമിച്ചത്. അഞ്ജു വീട്ടില്‍ വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മക്കള്‍ മരിച്ചത്. മദ്യപിച്ചെത്തിയായിരുന്നു കൊല നടത്തിയത്.
തന്നെക്കാള്‍ 15 വയസിന് ഇളയതായ ഭാര്യ അഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 40 വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് 92 ാം വയസിലാകും സാജു ജയില്‍ മോചിതനാകുക.
ഭാര്യയുടെ ജീവനെടുക്കുമ്പോള്‍ ഇയാളുടെ രണ്ട് മക്കളും അതിന് സാക്ഷിയായിരുന്നുവെന്ന് വിധി പറയവെ കോടതി പറഞ്ഞു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള യാതൊരു കാര്യങ്ങളും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. മാത്രമല്ല ഇയാള്‍ ജോലിക്കിടയില്‍ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പില്‍ സ്ത്രീകള്‍ക്കായി തിരഞ്ഞിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.
2012 ല്‍ പ്രണയിച്ചായിരുന്നു അഞ്ജുവും സാജുവും വിവാഹം കഴിച്ചത്. 2021ലാണ് ഇരുവരും യുകെയിലേക്ക് മാറുന്നത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയില്‍ എത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.