ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ സെയിലുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചുവെന്ന് ആരോപണം. പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.
ഈ പരസ്യത്തില്‍ ഭാര്യ, ഭര്‍ത്താവ് അറിയാതെ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഹാന്‍ഡ് ബാഗുകള്‍ വാങ്ങുന്നതും സാധനങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. അതേസമയം ഭര്‍ത്താവിനെ പരസ്യത്തില്‍ കാണിക്കുന്നത് അലസനും അവിവേകിയുമായിട്ടാണ് എന്നാണ് എന്‍സിഎം ഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് എന്ന പുരുഷാവകാശ സംഘടനയുടെ ആരോപണം.
വിമര്‍ശനങ്ങളെ തുടര്‍ന്ന് ഒഴിവാക്കിയ ദൃശ്യം പങ്കുവെച്ചാണ് സംഘടന രംഗത്ത് വന്നത്. പുരുഷ വിധ്വേഷമുള്ള ഉള്ളടക്കമാണ് പരസ്യത്തില്‍ ഉള്ളതെന്നും ഫ്‌ളിപ്കാര്‍ട്ട് ക്ഷമ ചോദിക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവര്‍ പറയുന്നു.