ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 40 ദിവസം തികയുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവര്‍ത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരമിരിക്കുന്നത്.
എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാപ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ കേരളത്തില്‍ തിരിച്ചെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ, പി നഡ്ഡയെ കാണാനാകാത്തതിനെ തുടര്‍ന്ന് നിവേദനം സമര്‍പ്പിച്ച ശേഷമാണ് മന്ത്രി തിരിച്ചുവന്നത്.
അതേസമയം സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ആശവര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലിലെത്തും. സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം 21000 ആയി വര്‍ധിപ്പിക്കുക, ഓണറേറിയം ഒറ്റത്തവണയായി ലഭ്യമാക്കുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.