എറണാകുളം: എറണാകുളത്ത് കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ ആളെ തിരിച്ചയച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് മരുന്നു വാങ്ങാനെത്തിയ ആളെ പൊലീസ് തിരിച്ചെത്തിയത്. എറണാകുളം റൂറല്‍ എസ്പിയോട് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
അങ്കമാലി കാലടിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും കൂടുതല്‍ വര്‍ത്തമാനം പറയാതെ വണ്ടി എടുത്ത് കൊണ്ടു പോ എന്ന് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. യുവാവിന്റെ പക്ഷം പിടിച്ച മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയോടും ഉദ്യോഗസ്ഥന്‍ കൂടുതല്‍ കളിച്ചാല്‍ തന്റെ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഇല്ലാതിരുന്നത് കൊണ്ട് ഏറെ അന്വേഷിച്ചാണ് മരുന്ന് വാങ്ങാന്‍ ദമ്പതികള്‍ കാലടിയിലെ മെഡിക്കല്‍ ഷോപ്പിലെത്തിയത്.