മധ്യപ്രദേശില്‍ 12 കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത രണ്ട് പ്രതികളുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു.പ്രതികളായ രവീന്ദ്രകുമാര്‍, അതുല്‍ ബദോലിയാ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.
വ്യാഴാഴ്ച സത്യന ജില്ലയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പ്രതികള്‍ മാരകമായി ബലാത്സംഗം ചെയ്യുകയും ശരീരം മുഴുവന്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്. മൈഹര്‍ ടൗണിലെ പ്രശസ്തമായ ക്ഷേത്രത്തിന്റെ ട്രസ്റ്റിലെ ജീവനക്കാരായ പ്രതികള്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പിന്നാലെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പ്രതികളുടെ കുടുംബത്തിന് വീടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കി. പിന്നാലെ അനധികൃതമായി വീടുകള്‍ നിര്‍മ്മിച്ചുവെന്ന് ആരോപിച്ച് വീടുകള്‍ തകര്‍ത്തു കളയുകയായിരുന്നു. അന്വേഷണം അവസാനിക്കുന്നത് വരെ വീടുകള്‍ തകര്‍ക്കരുത് എന്ന് കുടുംബം അഭ്യര്‍ത്ഥിച്ചെങ്കിലും ഭരണകൂടം കൂട്ടാക്കിയില്ല. സംഭവത്തില്‍ കുടുംബം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്.