X

‘വീട് നിർമിച്ച് നൽകാം; കൊച്ചുമകളുടെ വിവാഹവും നടത്താം’; നബീസയ്ക്ക് ഉറപ്പുനൽകി രാഹുൽഗാന്ധി

‘ഉരുള്‍പൊട്ടലില്‍ വീട് പോയി, കൊച്ചുമകളുടെ കല്യാണം നടക്കാനിരിക്കുകയാണ്, കൈവിടരുത് സാറേ…’- ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി എം.പിയോട് സങ്കടം പറയുകയാണ് നബീസ. പ്രയാസങ്ങള്‍ കേട്ട രാഹുല്‍ഗാന്ധി, വീട് വച്ച് തരാം എന്ന് നബീസയ്ക്കും കുടുംബത്തിനും ഉറപ്പ് നല്‍കി. മേപ്പാടി സെന്റ്‌ ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നബീസയ്ക്കും കുടുംബത്തിനുമാണ് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത്.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേര്‍ സങ്കടം പറഞ്ഞത്. ഇവര്‍ക്ക് പറയാനുള്ളത് കേട്ട രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ആശ്വാസമേകി. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രിയങ്ക ഗാന്ധിയും വയനാട് എം.എല്‍.എയുമായ ടി. സിദ്ധീഖ് കൂടെ ഉണ്ടായിരുന്നു.

കൊച്ചുമകളുടെ വിവാഹം നടക്കാനിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ അതും നടത്തിത്തരാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉറപ്പ് നല്‍കി. ‘വീട് വരും, സേഫ് ആയ സ്ഥലത്ത് വീട് വച്ചുതരും. വിവാഹവും നടത്തിത്തരും. ഒന്നും പേടിക്കേണ്ട’- സതീശന്‍ പറഞ്ഞു. നവംബറിലാണ് കല്യാണമെന്ന് നബീസ പറഞ്ഞപ്പോള്‍, വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കുടുംബത്തെ ആശ്വസിപ്പിച്ചു.

webdesk13: