കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ 43 ദിവസമായി മരണം വരെ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ സുപ്രീം കോടതി നിയോഗിച്ച സമിതി സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി.
വിരമിച്ച ജസ്റ്റിസ് നവാബ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി നിയോഗിച്ച ഉന്നത അധികാര സമിതി ഖനൗരി അതിര്‍ത്തിയില്‍ ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബര്‍ 26 മുതലാണ് ദല്ലേവാള്‍ നിരാഹാര സമരം തുടങ്ങിയത്. ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡിസംബര്‍ 20ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി ദല്ലേവാളിന്റെ രക്തസമ്മര്‍ദവും പള്‍സ് നിരക്കും കുറഞ്ഞിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം വൈദ്യചികിത്സ നിഷേധിക്കുന്നുണ്ടെങ്കിലും കര്‍ഷക സമരസ്ഥലത്ത് എമര്‍ജന്‍സി ടീമുകള്‍ സജ്ജമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.