കെ.എന്‍.എ ഖാദര്‍
മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച വിവാദങ്ങള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ 1886 ഒക്ടോബര്‍ 29ന് ഒപ്പുവെച്ച പാട്ടകരാര്‍ തൊട്ട് ഇന്നുവരെ നാം തോറ്റുകൊണ്ടേയിരിക്കയാണ്. തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം കേരളത്തിനു സുപരിചിതമാണെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാം ജയിച്ച ചരിത്രം കേട്ടിട്ടില്ല. തമിഴ്‌നാട്ടിലേയും കേരളത്തിലേയും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഒന്നുപോലെ കാണുന്നതുകൊണ്ടാണ് പുതിയ ഡാം കൂടി പണിയുക എന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവെച്ചത്. കേരളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും തമിഴ്‌നാട്ടിന്റെ ജലസേചനവും വൈദ്യുതി ഉത്പാദനവും ഇന്നത്തെതുപോലെ തുടരാനും അതേ മാര്‍ഗമുള്ളൂവെന്ന് നാം കരുതുന്നു.
ഇപ്പോള്‍ ഓരോ വര്‍ഷവും 725 കോടി രൂപ വരുമാനവും സുമാര്‍ 80 ലക്ഷം മനുഷ്യര്‍ക്ക് കാര്‍ഷിക ആവശ്യങ്ങളുടെ നിര്‍വഹണവും വൈദ്യുതിയും കിട്ടുന്ന തമിഴ്‌നാടിന്റെ മുതല്‍മുടക്ക് കേവലം 10 ലക്ഷം രൂപയാണ്. 8000 ഏക്കറിലധികം സ്ഥലം അവര്‍ക്ക് നല്‍കിയതിന് പാട്ടമായി നമുക്ക് കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടര ലക്ഷം രൂപയാണ്. വളരെയേറെ വര്‍ഷങ്ങള്‍ അത് നാല്‍പ്പതിനായിരം രൂപ മാത്രമായിരുന്നു. കുഗ്രാമത്തില്‍ ഒരു കടമുറി വാടകക്ക് കൊടുത്താല്‍ ഉടമസ്ഥന് കിട്ടുന്ന വരുമാനത്തേക്കാള്‍ കുറഞ്ഞ തുകയാണിത്. അതിനേക്കാള്‍ നമ്മെ വേവലാതിപ്പെടുത്തുന്ന ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ എമ്പാടുമുണ്ടല്ലോ. ഫെന്നികുക്ക് എന്ന വിദഗ്ധനായ എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഡാമിന് സാങ്കേതിക വിദഗ്ധര്‍ പതിവുപോലെ 60 വര്‍ഷത്തെ ആരോഗ്യവും ആയുസുമാണ് നിശ്ചയിച്ചിരുന്നത്. ലോകത്തിലെ സാധാരണ രീതി അനുസരിച്ച് സുമാര്‍ അര നൂറ്റാണ്ടുകാലമാണ് അണക്കെട്ടുകള്‍ക്ക് ആയുസ് നിശ്ചയിക്കാറുള്ളത്. മുല്ലപ്പെരിയാര്‍ 1896ല്‍ പണിതീര്‍ന്ന് ഇപ്പോഴും നിലനില്‍ക്കുന്നു. ഇതുപോലെ അനേകം ഡാമുകള്‍ ഏതു രാജ്യത്തും കാണാം. പ്രകൃതി ദുരന്തങ്ങളാലും നിര്‍മ്മാണത്തിലെ അപാകതകൊണ്ടും കാലാവസ്ഥ വ്യതിയാനവും അതിവൃഷ്ടിയും ഉരുള്‍പൊട്ടലും കാരണമായും പലപ്പോഴും ചില അണക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് നിശ്ചിത കാലാവധി പോലും പൂര്‍ത്തിയാവാതെയും വരാറുണ്ട്. മുല്ലപ്പെരിയാര്‍ തകരുമെന്നോ ഇല്ലെന്നോ ആര്‍ക്കും പ്രവചിക്കുക എളുപ്പമല്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും നാം നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും നോക്കിയാല്‍ രണ്ടു സാധ്യതകളും കാണാം. ഏത് അണക്കെട്ടുകളുടെ കാര്യമെടുത്താലും സാധ്യതകള്‍ മാത്രമേ പറയാനാവൂ. ഇത്രയും കാലം പഴക്കമുള്ളതിനാലും പഴയ സാങ്കേതികവിദ്യ ആയതിനാലും ഇന്നത്തെ പ്രകൃതി പ്രതിഭാസങ്ങളുടെ സാഹചര്യത്തില്‍ മലയാളികളുടെ ആശങ്ക ഒട്ടും അസ്ഥാനത്തല്ല. ഭീതി പരത്തുന്നതും ജാഗ്രത കാണിക്കാതിരിക്കുന്നതും ആപത്കരമാണ്. പുതിയ ഡാം നിര്‍മ്മിക്കണമെന്നത് നല്ലൊരു നിര്‍ദ്ദേശമാണ്. ഫെന്നികുക്കിനെപോലെ ഒരു എഞ്ചിനിയറോ അക്കാലത്തേതുപോലുള്ള കര്‍ക്കശമായ സന്ധിയില്ലാത്ത നിര്‍മ്മാണ രീതികളോ വെച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോള്‍ കേരളത്തില്‍ കാണപ്പെടുന്നില്ല. മുല്ലപ്പെരിയാര്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം അതികഠിനമായ സാഹചര്യങ്ങളാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരു ഘട്ടത്തില്‍ ആ പദ്ധതി ഉപേക്ഷിക്കാന്‍ വരെ തയ്യാറായി. ഫെന്നികുക്ക് ഇംഗ്ലണ്ടിലേക്ക് മടങ്ങി. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് കുടുംബ സമേതം മടങ്ങിവന്ന് സര്‍ക്കാറിനെ പ്രോത്സാഹിപ്പിച്ചു. തന്റെ പണവും അതില്‍ മുടക്കിയാണ് നിശ്ചയദാര്‍ഢ്യം തെളിയിച്ചത്. അതൊക്കെ പഴയകഥ. വിശാഖം തിരുന്നാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ രാജാവായിരുന്നപ്പോള്‍ ഈ പാട്ടക്കരാറില്‍ ഒപ്പുവെക്കുന്നതിനെ ദീര്‍ഘകാലം ചെറുത്തുനിന്നയാളാണ്. അതുകൊണ്ട് തിരുവിതാംകൂറിനെന്തു പ്രയോജനം എന്നു ചോദിച്ചതാണ്. വെള്ളക്കാരുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടിവന്നപ്പോള്‍ മാത്രമാണ് അദ്ദേഹം കരാറില്‍ ഒപ്പിട്ടത്. സാധാരണഗതിയില്‍ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷുകാരും തമ്മില്‍ ഒപ്പുവെച്ചിരുന്ന പാട്ട കരാറുകള്‍ 99 വര്‍ഷത്തേക്കായിരുന്നു. ഇവിടെ 999 വര്‍ഷമാണ് പാട്ടം. 60 വര്‍ഷം തകരാറില്ലാതെ നിലനില്‍ക്കുമെന്ന് തീരുമാനിക്കപ്പെട്ട സന്ദര്‍ഭത്തില്‍ 999 വര്‍ഷത്തെ കരാര്‍ എത്ര പരിഹാസ്യവും വഞ്ചന നിറഞ്ഞതുമായിരുന്നു. കേരളത്തിലെ ഇടുക്കി ജില്ലയില്‍ കുമളി വില്ലേജില്‍പെട്ട സ്ഥലത്താണ് ഡാം. വൃഷ്ടിപ്രദേശവും ജലവും സ്ഥലവും എല്ലാം ഇവിടെയാണുതാനും.
ഈ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ നമുക്ക് കൈവന്ന ആദ്യ സുവര്‍ണ്ണാവസരം 1947 ലായിരുന്നു. ഇന്ത്യ സ്വതന്ത്ര്യമായതോടെ ബ്രിട്ടീഷ് ഇന്ത്യയും നാട്ടുരാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്ന സര്‍വ കരാറുകളും റദ്ദായി. ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ട് വകുപ്പ് 7 അത് വ്യക്തമാക്കുന്നു. നമ്മുടെ ആദ്യ സര്‍ക്കാര്‍ 1957ല്‍ അധികാരമേറ്റ ഉടനെ ആദ്യം തീരുമാനിക്കപ്പെടേണ്ട വിഷയമായിരുന്നു ഇത്. മുഖ്യമന്ത്രി ഇ.എം.എസ്സും തമിഴ്‌നാട് സര്‍ക്കാറും പലതവണ ചര്‍ച്ചകള്‍ നടത്തിയത് സത്യമാണ്. എങ്കിലും വീണുകിട്ടിയ ആ നല്ല അവസരം നഷ്ടമായി. അതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. അതിനു ശേഷം 1970ലെ അച്യുതമേനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കി കൊടുത്തത് അതിലേറെ വലിയ പരാജയമായിരുന്നു. അന്നും നാം നിസ്സഹായരായിരുന്നു. വീണ്ടും 999 വര്‍ഷത്തേക്ക് തന്നെ കരാര്‍ പുതുക്കുകയും ജലസേചനത്തിന് മാത്രമായി പാട്ടത്തിനു കൊടുത്ത സ്ഥലവും സൗകര്യവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍കൂടി കേരളം അന്ന് സമ്മതം കൊടുത്തു. അതിനുവേണ്ടി വീണ്ടും സുമാര്‍ അമ്പത് ഏക്കര്‍ സ്ഥലം അവര്‍ക്ക് വിട്ടു കൊടുക്കുകയാണ് ചെയ്തത്. കരാറിലെ പഴയ വ്യവസ്ഥകള്‍ എല്ലാം നിലനിര്‍ത്തി. അങ്ങിനെ നാം തോറ്റുകൊണ്ടേയിരുന്നു. സുപ്രീംകോടതി വിധികളും ഉന്നത വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളും തൊട്ട് ഇതുവരെ നടന്ന സകലതും കേരളത്തിന് തിരിച്ചടിയായിരുന്നു. ഇപ്പോഴിതാഅവസാനം ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള ഉദ്യമം ആരംഭിച്ചുകഴിഞ്ഞു. ബേബിഡാം ബലപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ ആ പ്രദേശത്തെ വന്‍ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരള സര്‍ക്കാര്‍ അനുവാദവും നല്‍കിക്കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അതിവേഗം പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരെ ഈ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥന്മാര്‍ ഒരുമിച്ചുപോയി പരിശോധന നടത്തി. യോഗങ്ങള്‍ ചേര്‍ന്ന്, തീരുമാനങ്ങളെടുത്തു. ഒരുപക്ഷേ മരംമുറി അവിടെ തുടങ്ങിക്കാണണം. നിയമസഭ നടക്കുന്ന സമയമായതിനാലും വലിയ ഒച്ചപ്പാടുകള്‍ക്കിടയായതിനാലും സര്‍ക്കാര്‍ ഉരുണ്ടുകളിച്ചുകൊണ്ടേയിരുന്നു. മരംമുറി ഉത്തരവ് റദ്ദാക്കിയത്രെ. അത് വെറുമൊരു തട്ടിപ്പ് മാത്രമാണ്. തമിഴ്‌നാട് അതിന് നിന്നുകൊടുക്കുമെന്ന് കരുതാന്‍ വയ്യ. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ ഈ ഉത്തരവ് കാരണം പറഞ്ഞ് സസ്‌പെന്റ് ചെയ്തു. അതോടെ സര്‍ക്കാര്‍ മറച്ചുവെച്ച രേഖകള്‍ പലതും പുറത്തുവന്നു. അദ്ദേഹം വെറും രക്തസാക്ഷി മാത്രമാണ്. ഉത്തരവാദി പിണറായി സര്‍ക്കാര്‍ മൊത്തമാണ്. മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ നിന്ന് കനം കുറക്കാന്‍ ചില യാത്രികരെ കടലില്‍ തള്ളുക പഴയ സമ്പ്രദായമായിരുന്നു. ഇത്തവണ അത് ബെന്നിച്ചനായി എന്നുമാത്രം. അങ്ങനെ കേരളം വീണ്ടും തോറ്റു.