ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. മസ്ജിദിലെ നിലവറകളില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. കേസില്‍ ഫെബ്രുവരി 15ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് മാറ്റി വച്ചിരുന്നു.
ഗ്യാന്‍വാപിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന തങ്ങളുടെ അധീനതയിലാണെന്നും വ്യാസ കുടുംബത്തിനും മറ്റും തെഹ്ഖാനയ്ക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശമില്ലെന്നുമായിരുന്നു ഹരജിയില്‍ കമ്മിറ്റി പറഞ്ഞിരുന്നത്.
1993 മുതല്‍ തെഹ്ഖാനയില്‍ പൂജ നടന്നിട്ടില്ലെന്ന വസ്തുത സമ്മതിക്കുന്നുവെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്‍ 30 വര്‍ഷത്തിന് ശേഷം കോടതി ഒരു റിസീവറെ നിയമിക്കുകയും നിലവിലെ വ്യവസ്ഥകള്‍ മാറ്റുകയും ചെയ്താല്‍ അതിന് പിന്നില്‍ എന്തെങ്കിലും ന്യായമായ കാരണങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി കോടതിയില്‍ വാദിച്ചു.
17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് പ്രസ്തുത ഭൂമിയിലെ ഒരു പുരാതന ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കപ്പെട്ടുവെന്നാണ് ഹിന്ദു സംഘടനകളുടെ വാദം.