X

ഹിജാബ് വിവാദം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു; വാദം തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവെക്കണം

ബെംഗളൂരു: ഹിജാബ് വിവാദം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അതിനാല്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിയും വരെ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്നും ഹര്‍ജിക്കാര്‍. കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്നലെ കേസ് പരിഗണിക്കവെയാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് മുഹമ്മദ് താഹിര്‍ കേസ് നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഉഡുപ്പി ഗവണ്‍മെന്റ് ജൂനിയര്‍ കോളജ് വിദ്യാര്‍ത്ഥിനികളായ ആയിഷ അല്‍മാസും മറ്റു നാലു പേരുമാണ് കോടതിയെ സമീപിച്ചിരുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിജാബ് വിവാദം ചിലര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പ്രത്യേകിച്ച് അതീവ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍. ഇത് സമൂഹത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വലിയ തോതിലുള്ള ധ്രുവീകരണത്തിന് വഴിയൊരുക്കും.

വിഷയത്തെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ചിലര്‍ ഉപയോഗിക്കുകയാണ്. സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും വ്യക്തിയുടെ ദുരുദ്ദേശ്യപരമായ സമീപനം സമൂഹത്തില്‍ കൂടുതല്‍ ഭിന്നതയും വിദ്വേഷവും വളര്‍ത്താന്‍ ഇടയാക്കും. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്ന ഫെബ്രുവരി 28 വരെ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണം- ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധിയും ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്ത് യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.

Test User: