X
    Categories: indiaNews

ഹിജാബ് കേസ്; ബിജോയ് ഇമ്മാനുവല്‍ കേസ് വീണ്ടും ചര്‍ച്ചയില്‍

ന്യൂഡല്‍ഹി: ഹിജാബ് കേസിലെ ജസ്റ്റിസ് സുധാന്‍ശു ധുലിയയുടെ വിധിന്യായം ബിജോയ് ഇമ്മാനുവല്‍ കേസിനെ ഒരിക്കല്‍കൂടി ചര്‍ച്ചയിലേക്ക് എത്തിക്കുന്നു. ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് മൂന്ന് മക്കളെ പുറത്താക്കിയതിനെതിരെ ഒരു പിതാവ് നടത്തിയ ഒറ്റയാള്‍ നിയമ പോരാട്ടത്തിന്റെ പേരാണ് ബിജോയ് ഇമ്മാനുവല്‍ കേസ്.

1985ലായിരുന്നു ഇത്. മതപരമായ ആചാരങ്ങളുടെ മുഴുവന്‍ ആശയവും ഒരു തര്‍ക്കം പരിഹരിക്കുന്നതിന് പരിഗണിക്കേണ്ടതില്ലെന്ന ബിജോയ് ഇമ്മാനുവല്‍ കേസിലെ സുപ്രീംകോടതിയുടെ വിധിന്യായമാണ് ഹിജാബ് കേസില്‍ ജസ്റ്റിസ് ധുലിയ എടുത്തുദ്ധരിച്ചത്. ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ നിന്ന് തന്റെ മൂന്ന് മക്കളെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയാണ് കോട്ടയം കൂടല്ലൂര്‍ സ്വദേശി വി.ജെ ഇമ്മാനുവല്‍ നിയമ പോരാട്ടത്തിനിറങ്ങിയത്.

സുപ്രീംകോടതി വിധി വരെ നീണ്ട നിയമ പോരാട്ടത്തില്‍ ഒടുവില്‍ ്ഇമ്മാനുവലിന് അനുകൂലമായ വിധി വന്നു. ഇമ്മാനുവലും ഭാര്യയും ഏഴു മക്കളും ക്രിസ്ത്യന്‍ മതത്തിലെ ഒരു വിഭാഗമായ ‘യഹോവ സാക്ഷികള്‍’ ആയിരുന്നു. കോട്ടയത്തെ കെ.ഇ കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു ഇമ്മാനുവല്‍. രാജ്യത്തെ നിയമം അനുസരിക്കുന്നവരാണെങ്കിലും ചില കാര്യങ്ങള്‍ മതവിശ്വാസത്തിന് എതിരായതിനാല്‍ വിട്ടുനില്‍ക്കും. ദേശീയ ഗാനം ആലപിക്കാത്തതും ഇതിന്റെ ഭാഗമായിരുന്നു. ദേശീയ പതാകയെ വന്ദിക്കില്ല, സൈനിക സേവനം ചെയ്യില്ല എന്നിവയാണ് യഹോവ സാക്ഷികളുടെ മറ്റുചില ആചാരങ്ങള്‍. കുട്ടികളെ പുറത്താക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഡിവിഷന്‍ ബെഞ്ച് പിന്നീട് ഈ വിധി ശരിവെച്ചു.

ഇതിനെതിരെയാണ് ഇമ്മാനുവല്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1986 ഓഗസ്റ്റ് 11ന് സുപ്രീംകോടതി ജഡ്ജി ഒ ചിന്നപ്പ റെഡ്ഡിയാണ് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു കോടതി വിധി.

അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശത്തില്‍ നിശബ്ദത പാലിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്നും കുട്ടികള്‍ എഴുന്നേറ്റ് നിന്നിരുന്നതിനാല്‍ ദേശീയ ഗാനത്തോട് അനാദരവ് പുലര്‍ത്തി എന്ന് പറയാനാവില്ലെന്നുമായിരുന്നു കോടതി വിധി. മാത്രമല്ല, ഒരു ആചാരം മതവിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമാണോ എന്ന് കണ്ടെത്തുന്നതിന് മൂന്ന് കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

Test User: