X

കത് വ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനും മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈറിനുമെതിരെ കത് വ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു.

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായമാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരത്തേ കുന്ദമംഗലം പോലീസിൽ നൽകിയ പരാതി പൊലീസ് അന്വേഷിച്ച് രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് പരാതിക്കാരൻ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായമാണ് ഇപ്പോൾ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

മന്ത്രി വി അബ്ദു റഹ്മാൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം യൂസുഫായിരുന്നു പരാതി നൽകിയിരുന്നത്. നേരത്തേ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗമായിരുന്ന യൂസുഫ്, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനാൽ റിബലായി മത്സരിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടു മുമ്പാണ് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ആരോപണവുമായി യൂസുഫ് രംഗത്ത് വന്നത്. തുടർന്ന് ഇടത് പക്ഷം അധികാരത്തിൽ വന്നപ്പോൾ വി അബ്ദുറഹ്മാൻ്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കപ്പെടുകയും പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ നിരന്തരം കള്ളക്കേസുകളുമായി രംഗത്ത് വരികയുമാണുണ്ടായത്. ഇപ്പോൾ കുന്ദമംഗലം പോലീസ് കേസ് തള്ളിയതിന് പിന്നാലെ മജിസ്ട്രേറ്റ് കോടതി എടുത്ത കേസും ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുകയാണ്.

webdesk13: