സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏത് ജീവനും വിലപ്പെട്ടതാണെന്നും ജനങ്ങളുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. റോഡുകള്‍ എങ്ങനെയാണ് ഇത്ര മോശം അവസ്ഥയിലേക്ക് എത്തുന്നതെന്നും എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിക്കുന്നുവെന്നും കോടതി ആരാഞ്ഞു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. റോഡുകളുടെ മോശം അവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പ്രതികരണം.
കുന്നംകുളത്ത് റോഡിന്റെ അവസ്ഥ മോശമാണെന്നും മോശം അവസ്ഥയിലുള്ള റോഡുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഹെല്‍മറ്റില്ലാതെ വരുന്നവര്‍ക്കും ഓവര്‍സ്പീഡ് ഉള്ളവര്‍ക്കും എന്നിട്ടും പിഴ ഈടാക്കുന്നതിനെ കുറിച്ചും കോടതി ചോദിച്ചു. മോശം വന്ന റോഡുകള്‍ പുതുക്കിപ്പണിയാന്‍ അധികൃതര്‍ തയ്യാറാകാത്തതിന് എതിരെയാണ് പരാതികള്‍ ഉയരുന്നതെന്നും ഇത് മനസിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഇന്ത്യയേക്കാള്‍ മഴ ലഭിക്കുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ടെന്നും അവിടെയൊന്നും റോഡുകള്‍ തകരാതെ ഇരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.