കോവളം എം.എല്‍.എ അഡ്വ. എം. വിന്‍സന്റിന്റെ അറസ്റ്റിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ ദിവസം രാവിലെ മുതല്‍ അവരുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിന് പിന്നാലെ പരാതിക്കാരിയെ പ്രവേശിപ്പിച്ച നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയ നേതാക്കളുടെ കൂടുതല്‍ വിവരങ്ങളും ദൃശ്യങ്ങളുമാണ് തെളിവായി പുറത്തുവന്നിട്ടുള്ളത്.
നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ജില്ലാ നേതാക്കളാണ് ആസ്പത്രിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ബാലരാമപുരത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, നെയ്യാറ്റിന്‍കര നഗരസഭ മുന്‍ സി.പി.എം കൗണ്‍സിലര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആസ്പത്രിയിലെത്തി വീട്ടമ്മയുടെ ഭര്‍ത്താവിനെക്കൊണ്ട് എം. വിന്‍സന്റ് എം.എല്‍.എക്കെതിരെ പരാതി ഉന്നയിപ്പിക്കുകയായിരുന്നു. ബോധാവസ്ഥയിലായിരുന്ന വീട്ടമ്മയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടത് ആന്‍സലന്‍ എം.എല്‍.എയും ആസ്പത്രി അധികൃതരുമായി നടന്ന കൂടിക്കാഴ്ചക്കുശേഷമായിരുന്നുവെന്നും ചില ജീവനക്കാര്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനായ വീട്ടമ്മയുടെ സഹോദരന്‍ കൂടുതല്‍ പേരുമായി സ്ഥലത്തെത്തിയിരുന്നതായും അവിടെക്കൂടിയവര്‍ അറിയിച്ചു. സംഭവശേഷം രണ്ടുനാള്‍ പിന്നിട്ടപ്പോഴാണ് എം.എല്‍.എ ഹോസ്റ്റലില്‍ നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലും പിന്നീട് പേരൂര്‍ക്കട പൊലീസ് ക്യാമ്പിന് സമീപമുള്ള പൊലീസ് ക്ലബിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതും. അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലിലെ വാര്‍ഡന് ഒരു വി.ഐ.പി മുറി വൃത്തിയാക്കി ഒഴിച്ചിടണമെന്ന സന്ദേശം ലഭിച്ചിരുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
എം. വിന്‍സന്റ് എം.എല്‍.എയെ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ധൃതിപിടിച്ച് അറസ്റ്റ് ചെയ്ത് ജലിലടച്ച സംഭവം സി.പി.എം ഗൂഢാലോചനയാണെന്നതരത്തിലുള്ള തെളിവുകളാണ് അടുത്ത ദിവസങ്ങളിലായി പുറത്തുവരുന്നത്. എം.എല്‍.എയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബാലരാമപുരം ടൗണില്‍ നടന്നുവരുന്ന രാപ്പകല്‍ സമരം അഞ്ച് ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് എം.എല്‍.എമാര്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, ഡി.സി.സി പ്രസിഡന്റുമാര്‍, സംസ്ഥാന, ജില്ലാ നേതാക്കള്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ജയിലില്‍ വിന്‍സന്റിനെ സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ വസതിയിലും സമരപന്തലിലും എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
വിന്‍സന്റ് എം.എല്‍.എയുടെ അറസ്റ്റ്: ഗൂഢാലോചനയുടെ ചുരുളഴിയുന്നു
Tags: vinsent mla