നവാസ് പൂനൂര്‍
വാടിക്കരിഞ്ഞ സ്വപ്‌നങ്ങളുമായി മോഹഭംഗത്തിന്റെ മൂടുപടത്തിനുള്ളില്‍ നിദ്രയിലായിരുന്ന സമൂഹത്തെ വിളിച്ചുണര്‍ത്തിയത് സി.എച്ചായിരുന്നു. പ്രതീക്ഷയുടെ തീരത്തേക്ക് അവരെ അദ്ദേഹം കൈ പിടിച്ച് നടത്തി. അധികാരത്തിന്റെ ചെങ്കോല്‍ പിടിക്കാനുള്ള കരുത്തുണ്ട് ആ കരങ്ങള്‍ക്ക് എന്നദ്ദേഹം ബോധ്യപ്പെടുത്തി.
സി.എച്ച് വെറും രാഷ്ട്രീയക്കാരനായിരുന്നില്ല, രാഷ്ട്രതന്ത്രജ്ഞനായിരുന്നു. രാഷ്ട്രീയക്കാരന്‍ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാഷ്ട തന്ത്രജ്ഞന്‍ അടുത്ത തലമുറയെക്കുറിച്ചാണ് ചിന്തിക്കുക. സി.എച്ചിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നത് അടുത്ത തലമുറയായിരുന്നു. ആ തലമുറയാണ് ഇന്ന് അന്തസോടെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. എന്തായിരുന്നു സി.എച്ച് എന്ന് ചോദിക്കുന്നതിനേക്കാള്‍ എളുപ്പം എന്തായിരുന്നില്ല സി.എച്ച് എന്ന് ചോദിക്കുന്നതാണ്. ഹ്രസ്വമായ ജീവിതത്തിനിടയില്‍ ഒരു നേതാവിന് വളരാവുന്നത്ര വളര്‍ന്നു, ഒരു ഭരണാധികാരിക്ക് ഉയരാവുന്നത്ര ഉയര്‍ന്നു. ശാഖാ മുസ്‌ലിംലീഗ് സെക്രട്ടറി സ്ഥാനം മുതല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം വരെ, മുനിസിപ്പല്‍ കൗണ്‍സിലര്‍ മുതല്‍ കേരള സംസ്ഥാന മുഖ്യമന്ത്രി വരേ. സംഭവബഹുലമായ ആ വളര്‍ച്ച തുല്യതയില്ലാത്തതായിരുന്നു. ഒരു യുഗം കൊണ്ട് ചെയ്തുതീര്‍ക്കേണ്ടതെല്ലാം ചെയ്ത അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹം. ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു വസന്തം നല്‍കിയ ഇന്ദ്രജാലം അവിശ്വസനീയമാണ്. ജാടയും പ്രകടനപരതയും ഘോഷയാത്ര നടത്തുന്ന കാപട്യം കലര്‍ന്ന രാഷ്ട്രീയത്തിന് സി.എച്ച് അന്യനായിരുന്നു.
ഇന്നത്തെ നേതാക്കളെല്ലാം അവാര്‍ഡുകളും പുരസ്‌കാരങ്ങളുംകൊണ്ട് ശ്വാസം മുട്ടിയപ്പോള്‍ സി.എച്ച് ജനലക്ഷങ്ങളുടെ സ്‌നേഹപ്രകടനങ്ങളാല്‍ പെറുതിമുട്ടി. സി.എച്ചിനെതിരെ പ്രചണ്ഡമായ ദുഷ്പ്രചാരണങ്ങളുണ്ടായപ്പോഴും തികച്ചും അക്ഷോഭ്യനായി സുസ്‌മേരവദനനായി വിനയാന്വിതനായി തല ഉയര്‍ത്തി അദ്ദേഹം പറഞ്ഞു: ‘ജനകോടികളുടെ ഹൃദയ സിംഹാനങ്ങളിലാണ് എന്റെ സ്ഥാനം. അവിടെ നിന്നെന്നെ കുടിയിറക്കാന്‍ ഒരു പ്രചാരണ കോലാഹലങ്ങള്‍ക്കും കഴിയില്ല’. അധികാരം വിട്ട്, പദവികള്‍ വിട്ട് ഒരു മന്ദമാരുതനായി ഇറങ്ങിയ അദ്ദേഹം ഒരു കൊടുങ്കാറ്റായി തിരിച്ചുവരുന്നതാണ് കേരളം കണ്ടത്.
ബി.ജെ.പി നേതാവ് മാരാര്‍ പോലും പറഞ്ഞു ‘ക്രിസ്ത്യന്‍ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാണ് സി.എച്ച്.എം കോയ ‘ശ്രീകൃഷ്ണ ജയന്തി അവധിയായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി, മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം മാത്രമല്ല പൂന്താനം സ്മാരകവും സ്ഥാപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി, സാഹിത്യ അക്കാദമിയിലേക്ക് മുസ്‌ലിംലീഗിന്റെ കടുത്ത വിമര്‍ശകനായ പള്ളിക്കര വി.പി മുഹമ്മദിനെ നോമിനേറ്റ് ചെയ്തപ്പോള്‍ പരാതിയുമായെത്തിയവരോട് സി.എച്ച് പറഞ്ഞത് ‘ഞാനേല്‍പ്പിച്ച പണിക്ക് വി.പി പറ്റും’ എന്നായിരുന്നു.
1957 ലെ പ്രഥമ നിയമസഭാതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് എട്ട് സീറ്റില്‍ വിജയിച്ചു. സി.എച്ച് മത്സരിച്ചത് താനൂരില്‍ നിന്നായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി അസ്സനാര്‍ കുട്ടിയെ ദയനീയമായി പരാജയപ്പെടുത്തിയാണ് സി.എച്ച് തിരഞ്ഞെടുക്കപ്പെട്ടത്. ചാക്കീരി അഹമ്മദ്കുട്ടി, അഹമ്മദ് കുരിക്കള്‍, അവുക്കാദര്‍കുട്ടി നഹ, കെ ഹസ്സന്‍ ഗനി, ബാവ ഹാജി, എം ചടയന്‍, കെ.വി മുഹമ്മദ് എന്നിവരായിരുന്നു മറ്റ് എം.എല്‍.എമാര്‍. സി.എച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. പ്രഥമ ഇ.എം. എസ് സര്‍ക്കാറിനെതിരെ 1959ല്‍ വിമോചനസമരം നടന്നു. ജൂലൈ 31ന് സര്‍ക്കാര്‍ പിരിച്ച്‌വിട്ട് രാഷ്ട്രപതി ഭരണം ഏറ്റെടുത്തി. 1960ല്‍ വീണ്ടും നിയമസഭാതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് മുസ്‌ലിംലീഗ് പി.എസ്.പി ഐക്യമുന്നണി വന്‍ ഭൂരിപക്ഷം നേടി. മുസ്‌ലിം ലീഗ് 11 സീറ്റില്‍ വിജയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റിലേക്ക് മത്സരിച്ചിരുന്ന സീതി സാഹിബ് നിയമസഭയിലെത്തി, കുറ്റിപ്പുറത്ത് നിന്ന്. സി.എച്ച് മൃഗീയ ഭൂരിപക്ഷത്തോടെ താനൂരില്‍ നിന്ന്തന്നെ തിരഞ്ഞെടുക്കപ്പെട്ടു. സി.എച്ചിന്റെ മൂന്നിലൊന്ന് വോട്ട് പോലും തൊട്ടടുന്ന എതിരാളിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നടുക്കണ്ടി മുഹമ്മദ് കോയക്ക് കിട്ടിയില്ല. സീതിസാഹിബ് സ്പീക്കറായി, അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്ന് സി.എച്ച് സ്പീക്കറായി. 1961 നവംബര്‍ 10 ന് സി. എച്ച് രാജിവെച്ചു (ഈ കാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രം പ്രസക്തമല്ലാത്തതിനാല്‍ വിശദീകരിക്കുന്നില്ല). 1962 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സി.എച്ച് കോഴിക്കോട്ട്‌നിന്ന് മത്സരിച്ചു. പി.എസ്.പി പിന്തുണയോടെ കഴിഞ്ഞതവണ മത്സരിച്ച സീതി സാഹിബിനെ വിജയിപ്പിക്കാന്‍ കഴിയാത്ത മുസ്‌ലിംലീഗ് തനിച്ച് മത്സരിച്ച് സി.എച്ചിനെ വിജയിപ്പിച്ചു. സിറ്റിംഗ് എം. പി കോണ്‍ഗ്രസിലെ കെ.പി കുട്ടികൃഷ്ണന്‍ നായര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എച്ച് മഞ്ചുനാഥ റാവു, ജനസംഘത്തിലെ ടി. എന്‍ ഭരതന്‍ എന്നിവരാണ് തോറ്റത്. ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ തോറ്റ എസ്.കെ പൊറ്റക്കാട്ട് വടകരയിലേക്ക് മാറി, മുസ്‌ലിംലീഗ് പിന്തുണ തേടി സി.എച്ചിനേയും ബാഫഖി തങ്ങളേയും എസ്. കെ കണ്ടു. വടകരയില്‍ പിന്തുണ തരാനാവില്ല, തലശേരിയില്‍ തന്നെ വീണ്ടും മത്സരിച്ചാല്‍ ജയിപ്പിച്ച് തരാമെന്നാണ് മുസ് ലിംലീഗ് നേതാക്കള്‍ അറിയിച്ചത്. എസ്. കെ പ്രയാസത്തിലായി.
ഒടുവില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടി എസ്.കെയെ തലശ്ശേരിയില്‍ തന്നെ നിര്‍ത്തി. ഏറ്റവും വലിയ ഭൂരിപക്ഷത്തിന് എസ്.കെ വിജയിച്ചു. എസ്.കെ ഞെട്ടിപ്പോയി. സി.എച്ചിനെ കണ്ട് നന്ദി പറയാന്‍ വന്നു. സി.എച്ച് പറഞ്ഞു: ‘നന്ദി വാക്കുകളില്‍ പോര’. ‘എന്ത് വേണമെങ്കിലും ആവാം’ എന്ന് എസ്.കെ. സി.എച്ച് പറഞ്ഞു: ‘ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ വേണം, ചന്ദ്രികക്ക്’. എസ്. കെ ഏറ്റു. വാക്ക് പാലിച്ച എസ്.കെ പിന്നീട് എഴുതിയ ആദ്യ നോവല്‍ നോര്‍ത്ത് അവന്യൂ ചന്ദ്രികക്ക് നല്‍കി.
ഒരു സാദാ പ്രസംഗകന്‍ ഏറ്റ യോഗത്തില്‍ അയാള്‍ എത്തിയില്ലെന്നറിഞ്ഞ സി.എച്ച് ഒഴിവ് കിട്ടിയപ്പോള്‍ ആ യോഗത്തില്‍ പോയി പ്രസംഗിച്ചത് ആരെയും ഞെട്ടിക്കാനായിരുന്നില്ല, നരിക്കുനിക്കടുത്ത് മണ്ണാര്‍കണ്ടി അബൂബക്കര്‍ എന്ന ഒരു പാവം മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ കണ്ട് സ്റ്റേറ്റ് കാറ് നിര്‍ത്തി കുശലം പറഞ്ഞ ആഭ്യന്തരമന്ത്രിയെ എനിക്കറിയാം, വയനാട്ടിലെ സി.എച്ച് മൊയ്തു എന്ന മുസ് ലിംലീഗ് പ്രവര്‍ത്തകന്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചെന്നറിഞ്ഞ് കാറിനും ഓട്ടോക്കും കാത്തുനില്‍ക്കാതെ ചന്ദ്രികയില്‍നിന്ന് പുറത്തിറങ്ങി സിറ്റി ബസ്സിന് കൈ കാണിച്ച് കയറിപ്പോയ ചീഫ് എഡിറ്ററും സി.എച്ചായിരുന്നു.
അരീക്കോട്ടെ അബ്ദുസലാം മൗലവിയുടെ പ്രസംഗം എഴുതി ചന്ദ്രികയിലെത്തിച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു, ചെറിയ ചായക്കടക്ക് മുമ്പില്‍ മന്ത്രിയുടെ കാര്‍ നിര്‍ത്തി മകളുടെ കല്യാണത്തിന് കനകക്കുന്ന് കൊട്ടാരത്തിലേക്ക് കടക്കാരനെ ക്ഷണിച്ച സി.എച്ചിന്റെ ചിത്രം ചുമരില്ല ഹൃദയത്തിലാണയാല്‍ ചില്ലിട്ട് സൂക്ഷിച്ചത്. മഞ്ചേരിയിലെ ഒരു പഴയകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനെക്കുറിച്ച് പരാതിയുമായി എത്തിയവരോട് എല്ലാ പ്രമാണിമാരും മു സ്‌ലിംലീഗ് വിട്ടപ്പോള്‍ മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആ പ്രവര്‍ത്തകന്റെ ആത്മാര്‍ഥതയെക്കുറിച്ചും അയാള്‍ക്ക് പ്രചോദനമായ മാനു കുരിക്കളെക്കുറിച്ചുമാണ് സി.എച്ചിന് പറയാനുണ്ടായിരുന്നത്.
ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ അത്യപൂര്‍വമാണ്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചിത്രം സ്വന്തം ജീവ ചരിത്രമാക്കി മാറ്റാന്‍ കഴിഞ്ഞ സി.എച്ചിനെ പഠിക്കാനും പകര്‍ത്താനും പുതിയ തലമുറ തയാറാകണം.