ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയതില്‍ സര്‍ക്കാരിനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്നും 4 വര്‍ഷം റിപ്പോര്‍ട്ടില്‍ അടയിരുന്നുവെന്നും പിഎം.എ സലാം പറഞ്ഞു. റിപ്പോര്‍ട്ട് കൈയ്യില്‍ വച്ച് ആരോപിതരായ വ്യക്തികള്‍ക്ക് സ്ഥാനമാനം നല്‍കിയെന്നും സലാം പറഞ്ഞു.
‘ഒരു കുറ്റകൃത്യം നടന്നാല്‍ സര്‍ക്കാരിന് കേസെടുക്കാം. സര്‍ക്കാര്‍ അത് ചെയ്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ജനങ്ങളെ പറ്റിച്ചു. സ്വന്തക്കാരെ രക്ഷിക്കാന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വച്ചു. തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. സാംസകാരിക വകുപ്പിന്റെയും മന്ത്രിയുടെയും വീഴ്ചാണ്. നാല് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നെങ്കില്‍ ശേഷമുള്ള കുറ്റകൃത്യമെങ്കിലും തടയാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
കേരളം ഒരു വെളളരിക്ക പട്ടണം എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. മുകേഷ് എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് പറഞ്ഞ പി.എം.എ സലാം യു.ഡി.എഫും മുസ്‌ലിം ലീഗും ഇരകള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.