X

ഹേമ കമ്മിറ്റി ചെയ്തത് വലിയ തെറ്റ്; അവര്‍ നടിമാരുടെ അഭിപ്രായം മാത്രം തേടി: ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കമ്മിറ്റി തൊഴിലാളികളായി പരിഗണിച്ചത് നാല് സ്ത്രീകളെ മാത്രമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

അവരോട് ചോദിച്ചറിഞ്ഞത് ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാത്രമാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി സിനിമാ മേഖലയില്‍ വേറെയും പ്രശ്‌നങ്ങളുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്‍ ഫെഫ്ക പോലുള്ള സംഘടനകളെ തകര്‍ക്കാന്‍ ഈ കൂട്ടായ്മകള്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. കൂടാതെ ഡബ്ല്യു.സിസി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.

‘ആ റിപ്പോര്‍ട്ട് പുറത്ത് വന്ന അന്ന് മുതല്‍ സിനിമാ ലോകത്ത് ഉള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേവലം നടി നടന്മാരെ മാത്രമാണ് നിങ്ങള്‍ കണ്ടത്. എന്റെ കൂടെ ഇവിടെയുള്ള ആരെയെങ്കിലും നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടോ?.

ഇവര്‍ക്കെല്ലാവര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ ഭയമാണ് കാരണം ഇവരെയും നിങ്ങള്‍ മാധ്യമങ്ങള്‍ പീഡിപ്പിക്കപ്പെട്ടവരായി ചിത്രീകരിക്കുമോ എന്ന പേടിയുണ്ട് ഇവര്‍ക്ക്,’ ഭാഗ്യലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിക്കെതിരെ ഷൂട്ടിങ് സെറ്റിലെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഓഗസ്റ്റ് 31ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഫെഫ്കയിലെ വനിത അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നെന്നും ആ സമ്മേളനത്തില്‍ രണ്ട് വ്യക്തികള്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചന്നെ് പറഞ്ഞ ഭാഗ്യലക്ഷ്മി അത് ഫെഫ്കയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി സെലക്ടീവായി അഭിനേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലെ വിരലിലെണ്ണാവുന്ന ആളുകളുടെ മൊഴി മാത്രം ആണ് രംഗപ്പെടുത്തിയത്. അതിനപ്പുറത്തോക്ക് ഈ മേഖലയിലെ സ്ത്രീകളുടെ അഭിപ്രായം തേടാന്‍ കമ്മിറ്റി ശ്രമിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

webdesk13: