ഇസ്്‌ലാമാബാദ്: 1992ല്‍ പാകിസ്താന്‍ അവരുടെ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിനെ നയിച്ച കപ്പിത്താനായിരുന്നു ഇമ്രാന്‍ ഖാന്‍. പാക് ജനതയുടെ ക്രിക്കറ്റ് വികാരത്തെ ദേശീയ വികാരമാക്കി മാറ്റിയ ഹീറോ. പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിന് ഇറങ്ങിയപ്പോഴും അതേ വികാരത്തോടെ പാക് ജനത ഇമ്രാനെ നെഞ്ചേറ്റി.
സ്വാതന്ത്ര്യാനന്തരമുള്ള മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ പകുതിയിലധികവും സൈന്യത്തിന്റെ കൈകളിലായിരുന്നു പാകിസ്താന്റെ അധികാരം. ശേഷിക്കുന്ന കാലയളവാകട്ടെ രണ്ട് കുടുംബങ്ങളുടെ മാറിമാറിയുള്ള വാഴ്ചയും. കുടുംബ വാഴ്ചയിലെ ഒടുവിലത്തെ കണ്ണികളായിരുന്നു നവാസ് ഷരീഫും ബേനസീര്‍ ഭൂട്ടോയും പിന്നീട് അവരുടെ ഭര്‍ത്താവ് ആസിഫലി സര്‍ദാരിയും. അതില്‍ നിന്നു മാറി പാക് രാഷ്ട്രീയത്തില്‍ പുതിയ ദിശ വെട്ടിത്തെളിക്കുകയായിരുന്നു ഇമ്രാന്‍ഖാന്‍. തെഹ്‌രീകെ ഇന്‍സാഫ് എന്ന പേരില്‍ രൂപം നല്‍കിയ പാര്‍ട്ടി അതിവേഗമാണ് പാക് ജനതക്കിടയില്‍ സ്വാധീനമുറപ്പിച്ചത്. ബേനസീറിന്റെയും നവാസ് ഷരീഫിന്റേയും വിയോഗങ്ങള്‍ക്കു ശേഷമുണ്ടായ നേതൃരാഹിത്യം ഇമ്രാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ചെറു കക്ഷികളെ കൂടെ നിര്‍ത്തി അധികാരത്തിലേറുമ്പോള്‍ പാകിസ്താനും അത് പുതു ചരിത്രമായിരുന്നു. എന്നാല്‍ അധികാരം തികയ്ക്കാത്ത പ്രധാനമന്ത്രിമാരുടെ പട്ടിക മാത്രം കരുതലുള്ള പാകിസ്താന്റെ പാരമ്പര്യത്തിലേക്ക് ഒടുവില്‍ ഇമ്രാന്‍ഖാനും തന്റെ പേരെഴുതിച്ചേര്‍ത്തു. കാലാവധി തികയ്ക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് സഭ പിരിച്ചുവിട്ട് കാവല്‍ പ്രധാനമന്ത്രിയാകുന്നത്.
എക്കാലത്തും അമേരിക്കക്കൊപ്പം നിലയുറപ്പിക്കുന്നതായിരുന്നു പാക് പാരമ്പര്യം. ചേരിചേരാ നയം സ്വീകരിച്ചപ്പോഴും അയല്‍പക്കത്തെ ‘ശത്രു’വായ ഇന്ത്യ സോവിയറ്റ് റഷ്യയോട് കാണിച്ച മൃദു സമീപനം ആണ് പാകിസ്താനെ അമേരിക്കന്‍ പക്ഷത്തേക്ക് അടുപ്പിച്ചത്. എന്നാല്‍ അമേരിക്കയുമായി അകന്ന് റഷ്യയുമായും ചൈനയുമായും ചങ്ങാത്തം കൂടാന്‍ ഇമ്രാന്‍ഖാന്‍ പുറത്തെടുത്ത പുതിയ നയതന്ത്രം അകത്തും പുറത്തും ശത്രുക്കളെ സൃഷ്ടിച്ചു. തനിക്കെതിരായ അവിശ്വാസ നീക്കത്തിനു പിന്നില്‍ പോലും അമേരിക്കയാണെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.
ഏഴംഗങ്ങളുള്ള സഖ്യ കക്ഷിയായ എം.ക്യു.എം കാലുമാറി പ്രതിപക്ഷത്തിനൊപ്പം നിന്നതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫിന് ഭൂരിപക്ഷം നഷ്ടമായി. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം ഇമ്രാനെതിരെ പടയൊരുക്കം തുടങ്ങുക കൂടി ചെയ്തതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. ഇതിനു പിന്നാലെയാണ് ദേശീയ അസംബ്ലിയില്‍ സംയുക്ത പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഇമ്രാന്‍ ഖാനെ പുറത്താക്കുക, പകരം പി.എം.എല്‍ -എന്‍ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയാക്കുക, ആറു മാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നിവയായിരുന്നു പ്രതിപക്ഷ തന്ത്രം. എന്നാല്‍ അവിശ്വാസം തള്ളിയതോടെ ഈ നീക്കങ്ങളെല്ലാം വിഫലമായി. കാര്യങ്ങളെ മന്‍കൂട്ടി കണ്ട് ഇമ്രാന്‍ഖാന്‍ ഒരു മുഴം മുന്നേ എറിഞ്ഞെന്നു വേണമെങ്കില്‍ പറയാം. ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷത്തിന് പെട്ടെന്ന് അധികാരം പിടിക്കാനാവില്ല. അതേസമയം പട്ടളാ അട്ടിമറിയും ജനാധിപത്യ ഭരണകൂടങ്ങളുടെ അസ്ഥിരതയും കൂടെപ്പിറപ്പായ പാകിസ്താനെ സംബന്ധിച്ചിടത്തോളം ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയം ഉയര്‍ന്നുവരുന്നത് സ്വാഭാവികം മാത്രം.
രാഷ്ട്രത്തിന്റെ നയരൂപീകരണത്തില്‍ സൈന്യവും സുപ്രീംകോടതിയും ജനാധിപത്യ ഭരണകൂടത്തേക്കാള്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്നതാണ് പാക് കീഴ്‌വഴക്കം. ദേശീയ അസംബ്ലി പിരിച്ചുവിട്ട നീക്കം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ വിരുദ്ധ നീക്കത്തില്‍ സൈന്യത്തിനും എതിര്‍പ്പുണ്ട്. കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമ്പോഴും പാക് രാഷ്ട്രീയത്തിന്റെ ഭാവി അനിശ്ചിതത്വത്തിന്റെ നിഴലിലേക്ക് മാറുകയാണ്. ജനാധിപത്യം, – സൈന്യം – സുപ്രീംകോടതി… എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.