X

ആരോഗ്യ മേഖലയും കാവിവത്കരിക്കുന്നു-എഡിറ്റോറിയല്‍

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജന്‍ ഔഷധി സ്റ്റോറുകളും സംഘ്പരിവാറിന് തീറെഴുതാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന നാഷണല്‍ യുവ കോ ഓപേററ്റീവ് സൊസൈറ്റിയും കേന്ദ്ര സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം 1000 ജന്‍ ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കപ്പെടുകയാണ്. ജന്‍ ഔഷധി സ്റ്റോറുകളിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നു എന്ന ന്യായം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ചുളുവില്‍ ആര്‍.എസ്.എസിന് കൈമാറുന്നത്.

പടിപടിയായാണ് സംഘ്പരിവാര്‍ ശക്തികള്‍ ഓരോ നീക്കവും നടത്തുന്നത്. ജന്‍ ഔഷധിയുടെ പേരിലും മാറ്റം വരുത്തി ബി.ജെ.പി വത്കരിക്കാനുള്ള നീക്കമാണ് ആദ്യമുണ്ടായത്. 2008ലാണ് ജന്‍ ഔഷധി തുടങ്ങിയത്. രോഗികളുടെ പോക്കറ്റ് കൊള്ളയടിച്ചിരുന്ന മരുന്നു കമ്പനികളെ നേരിടാനാണ് യു.പി.എ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ബ്രാന്‍ഡ് നാമങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭിക്കുന്നവയേക്കാള്‍ പത്തിലൊന്നു വിലയ്ക്കാണു ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ മരുന്നു വില്‍പന നടത്തിയിരുന്നത്. പൊതുമേഖലാ ഔഷധ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും മേല്‍ത്തരം ജനറിക് മരുന്നുകള്‍ ചുരുങ്ങിയ വിലക്ക് ലഭ്യമാക്കാനുമായിരുന്നു യു.പി.എ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 2008ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഡിപാര്‍ട്‌മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പദ്ധതി. ഐ.ഡി.പി.എല്‍, എച്ച്.എ.എല്‍, ബി.സി.പി.എല്‍, കെ.എ. പി.എല്‍, ആര്‍.ഡി.പി.എല്‍ എന്നീ ഔഷധ കമ്പനികളും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും ഒന്നിച്ച് ബി.പി.പി.ഐ (ബ്യൂറോ ഓഫ് ഫാര്‍മ പിഎസ് യൂസ്) എന്ന ഏജന്‍സിക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കിപ്പോന്നത്. മരുന്നുണ്ടാക്കുന്നത് അഞ്ച് കമ്പനികളാണ്. വിലനിര്‍ണയം, വിതരണം, മാര്‍ക്കറ്റിങ് എന്നിവ ബി.പി.പി.ഐക്കെന്നായിരുന്നു വ്യവസ്ഥ. ഗുര്‍ഗവോണിലും തമിഴ്‌നാട്ടിലുമുള്ള വെയര്‍ഹൗസുകള്‍ക്ക്പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിതരണ സൗകര്യമൊരുക്കാന്‍ വേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കും എന്നതായിരുന്നു ധാരണ. വെയര്‍ഹൗസുകള്‍ വഴിയുള്ള വിതരണത്തിന്റെ താഴെത്തലയിലാണ് ജന്‍ ഔഷധി സ്റ്റോറുകള്‍. ആദ്യമാദ്യം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി കിട്ടുന്ന സ്ഥലങ്ങളിലായിരുന്നു സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നെ റെയില്‍വെ സ്റ്റേഷനുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോസ്റ്റാഫീസുകളിലുമൊക്കെ കിട്ടിത്തുടങ്ങിയതോടെ കൂടുതല്‍ സൗകര്യപ്രദമായി. ജന്‍ ഔഷധി സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ ബി.പി.പി. ഐ രണ്ടര ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. അതിനുപുറമെ ഓരോ സ്റ്റോറിനും സൗജന്യമായി ഒരു ലക്ഷം രൂപയുടെ മരുന്നുകളും നല്‍കുന്നുണ്ട്. അതാണ് ഇത്തരം സ്റ്റോറുകളില്‍ മരുന്നുവില കുറയാന്‍ കാരണം. സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ച മരുന്നുകളാണ് വിതരണം ചെയ്തിരുന്നത്.

കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ വന്നതോടെ കളിയാകെ മാറി. 2015ല്‍ പ്രധാന്‍മന്ത്രി ജന്‍ ഔഷധി യോജന എന്നായിരുന്നു പേര്. എന്നാല്‍ 2016 നവംബറില്‍ അതിന് രൂപാന്തരം വന്നു. പി.എം ബി.ജെ.പി എന്ന് ചുരുക്കപ്പേര് കിട്ടാനായി പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന എന്നാക്കി പേര്. മരുന്നു പായ്ക്കുകളില്‍ ബി.ജെ.പിയുടെ നിറവും ആലേഖനം ചെയ്തു. ജനകീയ പദ്ധതികളെ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തിനായി ബി.ജെ.പി ഉപയോഗിക്കുന്നതാണ് കാണാനാവുന്നത്. എച്ച്.എ.എല്ലിന്റെയും ഐ.ഡി.പി.എല്ലിന്റെയുമൊക്കെ കൈവശുള്ള ഭൂമി വില്‍ക്കാനായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ പിന്നീട് പദ്ധതിയിട്ടത്. ഐ.ഡി.പി.എല്ലും ആര്‍. ഡി.പി.എല്ലും അടച്ചുപൂട്ടാനും വില്‍പ്പന നടത്താനുമാണ് അവസാനം തീരുമാനിച്ചത്. ഇപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത് 140 സ്വകാര്യ മരുന്നു കമ്പനികളാണ്. വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നു എന്നു പറഞ്ഞാണ് ആര്‍.എസ്.എസ് നേതൃത്വത്തെ സ്റ്റോറുകള്‍ ഏല്‍പ്പിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയ പദ്ധതികളെല്ലാം എങ്ങനെ നശിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ജീവന്‍രക്ഷാമരുന്നുകള്‍ക്കുവരെ വന്‍ വിലക്കയറ്റമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഔഷധ നയം സ്വകാര്യ കുത്തകകള്‍ക്ക് കൊള്ള ലാഭം കൊയ്യാനുതകുന്ന തരത്തിലുള്ളതാണ്. ജനങ്ങളുടെ ആരോഗ്യത്തിന് ഒരു വിലയും കല്‍പിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ സംഭവം സൂചിപ്പിക്കുന്നത്. ജീവിക്കാനുള്ള പ്രാഥമിക ആവശ്യം പോലും മാനിക്കാതെ സാധാരണക്കാരെ പൂര്‍ണമായും മറന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ ഒരു ജനകീയ പദ്ധതികൂടി മൃതിയടയുന്നു എന്നുവേണം അനുമാനിക്കാന്‍.

Test User: