X

വയനാട്ടിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ്

കൽപ്പറ്റ: എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗപ്പകർച്ച കൂടുതലാവും. ഈ വിഭാഗങ്ങളിൽ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകൾ അടുത്തിടപഴകുന്നതും ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കാത്തതും ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കാത്തതും ആണ് രോഗപ്പകർച്ച കൂടാൻ കാരണം. കോവിഡ് ബാധിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയിൽനിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് പരിശോധന നടത്തി കോവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

വീടുകളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ പുറത്തിറങ്ങിയാൽ കർശന നിയമനടപടി
വയനാട് ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
ഇപ്പോൾ ചികിത്സയിലുള്ള 3240 പേരിൽ 2800 പേരും വീടുകളിൽ തന്നെയാണുള്ളത്. വീടുകളിൽ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാൻ പാടില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പാക്കുന്നത് വരെ സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിയണം. എല്ലാവരും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിച്ചാൽ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ. വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും കോവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നതാണ് കാണുന്നത്. ജില്ലയിൽ കൂടി വരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്
വയനാട്ടിൽ കഴിഞ്ഞ ജില്ലയിൽ അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്. ഇന്നലെ മാത്രം 292 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 177 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 289 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവിൽ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2707 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7136 പേർ. ഇന്നലെ പുതുതായി 57 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്നലെ 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളിൽ 242853 പേരുടെ ഫലം ലഭിച്ചു. ഇതിൽ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്.

 

 

 

 

adil: