X

കോഴിക്കോടന്‍ മണ്ണില്‍ യൂത്ത് ലീഗിന് ആസ്ഥാന മന്ദിരം

നൗഷാദ് മണ്ണിശ്ശേരി

സ്വാതന്ത്ര്യബോധമുള്ള തുര്‍ക്കിയിലെ യുവാക്കളെ മുസ്തഫ കമാല്‍പാഷയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച്‌കൊണ്ട് രാജാധികാരത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് തുര്‍ക്കിയെ കൊണ്ടുവന്ന ചെറുപ്പക്കാരെയാണ് പിന്നീട് യുവതുര്‍ക്കികള്‍ എന്ന് അറിയപ്പെട്ടത്. യുവതുര്‍ക്കികള്‍ എന്ന പ്രയോഗം ലോകത്താകമാനം വിപ്ലവബോധമുള്ള ക്ഷുഭിതയൗവ്വനത്തിന്റെ പരിഛേദമായി മാറിയതിന് കാലം സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവതുര്‍ക്കികളായിരുന്നു മുന്‍ പ്രധാനമന്ത്രി കെ. ചന്ദ്രശേഖറും മോഹന്‍ ദാരിയ, കൃഷ്ണകാന്ത് മുതലായവര്‍.

ചൈനയിലെയും ഇറാനിലെയും മറ്റും ഗവണ്‍മെന്റിന്റെ ഏകാധിപത്യത്തിനെതിരെ സമരം നയിച്ചത് അവിടത്തെ ചെറുപ്പക്കാരായിരുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് ഇറാന്‍ റവല്യൂഷന്‍. ആ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളും യുവാക്കളായിരുന്നു. ലോകത്ത് ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതില്‍ യുവാക്കള്‍ വഹിച്ച പങ്ക് അനല്‍പമാണ്. ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിലും വിപ്ലവ മാറ്റങ്ങളിലും സമരവീര്യമുള്ള യുവ സമൂഹം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
മുസ്‌ലിംലീഗ് ചരിത്രത്തിലും അതിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും യുവാക്കളുടെ പങ്കും സഹായവും നിര്‍ലോഭം ഉണ്ടായിട്ടുണ്ട്.

ഒന്നാം കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ നിയമസഭാകക്ഷി നേതാവായി സി.എച്ച് മുഹമ്മദ് കോയയെ തെരഞ്ഞെടുക്കുമ്പോള്‍ 30 വയസ്സായിരുന്നു പ്രായം. 26 വയസ്സുള്ളപ്പോഴാണ് ഇ അഹമ്മദ് കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാനായത്. പി.കെ കുഞ്ഞാലികുട്ടി നഗരസഭാ അധ്യക്ഷനായ കാലത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. 34 ാം വയസ്സിലാണ് സി.എച്ച് കേരള നിയമസഭാ സ്പീക്കറാകുന്നത്. അത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന
ഇതുവരെ തിരുത്താത്ത റെക്കോര്‍ഡ് കൂടിയാണ്.

1960കളുടെ അവസാനത്തിലാണ് മുസ്‌ലിംലീഗിനൊരു യുവജന വിഭാഗം വേണമെന്ന ചിന്ത ശക്തമാവുന്നത്. യൂത്ത് മുസ്‌ലിംലീഗ് എന്ന പേരില്‍ ചിലയിടങ്ങളില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി പാലക്കാട് മലമ്പുഴയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുകയും അതിന്റെ ഏകോപന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. അവിടെ വെച്ച്തന്നെ ഒരു സബ്കമ്മിറ്റി ഇതിനായി നിയോഗിക്കുകയും അവരുടെ ശ്രമഫലമായി 1969 ഫെബ്രുവരിയില്‍ സംസ്ഥാനത്തെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. അവിടെ വെച്ച് ഒരു ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് രൂപംനല്‍കി.

1971 ല്‍ കോഴിക്കോട് ലീഗ്ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് പ്രഥമ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നത്. കെ.കെ മുഹമ്മദിനെ പ്രസിഡണ്ടും പി.കെ മുഹമ്മദ് എന്ന മാനു സാഹിബിനെ ജനറല്‍ സെക്രട്ടറിയും പിലാക്കണ്ടി മുഹമ്മദലിയെ ട്രഷററുമായി തെരഞ്ഞെടുത്തു. പിന്നീട് വന്ന പി.കെ.കെ ബാവ, കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീര്‍ എന്നിവരുടെ കമ്മിറ്റി ക്രിയാത്മകമായി പ്രവര്‍ത്തിച്ച് മാതൃസംഘടനക്ക് മികച്ച പിന്തുണ നല്‍കി. പാര്‍ട്ടിയുടെ ഔദ്യോഗിക പതാക ഉപയോഗിക്കുന്ന പോഷകഘടകവും മുസ്‌ലിം യൂത്ത്‌ലീഗാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സംഘടനാപ്രവര്‍ത്തനം ശാസ്ത്രീയമാക്കിയതും യൂത്ത്‌ലീഗിന്റെ വരവോടെയാണ്. കെ.കെ.എസ് തങ്ങള്‍ അടക്കമുള്ളവരുടെ പിന്തുണയില്‍ സംഘടിപ്പിച്ച നെയ്യാര്‍ഡാം ക്യാമ്പ്, പി.എ റഷീദ്, ടി.എ അഹമ്മദ് കബീര്‍ ടീമിന്റെ ചരല്‍ക്കുന്ന് ശില്‍പശാല തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്.

യൂത്ത് ലീഗിന്റെ പല പ്രക്ഷോഭങ്ങളും കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചവയാണ്. സോവിയറ്റ് റഷ്യയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്ന കാലത്താണ് സോവിയറ്റ് ചെമ്പടയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ യൂത്ത്‌ലീഗ് അതിശക്തമായ സമര പരമ്പരകള്‍ തീര്‍ത്തത്. അന്ന് അച്യുതമേനോന്‍ സര്‍ക്കാറില്‍ മുസ്‌ലിംലീഗിന് മേധാവിത്വപരമായ പങ്കാണ് ഉണ്ടായിരുന്നത്. സാര്‍വദേശീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യൂത്ത്‌ലീഗ് നടത്തുന്ന ആദ്യത്തെ സമരമാണത്. പിന്നീട് ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെയും അമേരിക്കയുടെ ലോക പൊലീസ് ധിക്കാരത്തിനെതിരെയും സമര പരമ്പരകള്‍ തന്നെ തീര്‍ക്കുകയുണ്ടായി.

അടിയന്തരാവസ്ഥ കാലത്ത് പി.എസ്.സി എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും നിയമനം നടത്തിയപ്പോഴും യൂത്ത്‌ലീഗ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങി. പി.എസ്.സി മെമ്പര്‍ യു കുഞ്ഞികൃഷ്ണ പൊതുവാളിനെ മലപ്പുറം സിവില്‍ സ്റ്റേഷനു മുമ്പില്‍ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന് തിരിച്ചുപോകേണ്ടിവരികയും ചെയ്തു. റദ്ദാക്കിയ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കുകയും നിയമനം നടത്തുകയും ചെയ്തത് യൂത്ത്‌ലീഗ് സമരചരിത്രത്തിലെ വേറിട്ട അധ്യായമാണ്. സംവരണ സമരം, ഭാഷാസമരം, നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ്, മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥക്കെതിരെ, കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍.
നാലകത്ത് സൂപ്പി നേതൃത്വം നല്‍കിയ യൂത്ത് മാര്‍ച്ച്, 1989ല്‍ എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ യുവജനയാത്ര, 2014ല്‍ ഈ ലേഖകന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയുടെ ഗ്രാമാന്തരങ്ങളിലൂടെ നടത്തിയ യുവജനജാഥ, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് ടീമിന്റെ യുവജന യാത്ര തുടങ്ങി യൂത്ത് ലീഗിന്റെ സമരവീഥിയില്‍ എടുത്തുപറയേണ്ട ജാഥകള്‍ ഇനിയുമുണ്ട്. റഷ്യന്‍ ചെങ്കരടി അഫ്ഗാന്‍ വിടുക എന്ന മുദ്രാവാക്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ആചരിച്ച ‘സോളിഡാരിറ്റി ഡെ’ സമൂഹത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയ പ്രവര്‍ത്തനമായിരുന്നു. നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ അന്ന് യു.ഡി.എഫ് അധികാരത്തിലായിരുന്നു. അധികാരം ആരുടെ കയ്യിലാണെന്ന് നോക്കാതെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാട്ടം സംഘടിപ്പിക്കാന്‍ യൂത്ത് ലീഗിന് തടസ്സമായിരുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിയമനത്തില്‍ രജിസ്ട്രാര്‍ ഡോ. കോശി നടത്തിയ സംവരണ അട്ടിമറിക്കെതിരെ പി.കെ.കെ ബാവയുടെയും കെ.പി. എ മജീദിന്റെയും നേതൃത്വത്തില്‍ നടത്തിയ സമരം ഡോ. കോശിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിലാണ് എത്തിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കെയര്‍ ഓഫ് അഡ്രസ്സില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മറ്റു ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മലപ്പുറം ജില്ലയുടെ ആനുകൂല്യത്തില്‍ ജോലിക്ക് കയറുന്നതിനെതിരെ സമരം നടത്തി കെയര്‍ ഓഫ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതും എടുത്തുപറയേണ്ടതാണ്.

നിലവിലെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന സന്നദ്ധ സംഘടനയായ ‘വൈറ്റ് ഗാര്‍ഡ്’ എന്ന ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വര്‍ണ്ണിക്കേണ്ടത് എന്നറിയില്ല. പ്രകൃതി ക്ഷോഭങ്ങളിലും കൊറോണ കാലത്തും സ്വജീവന്‍ പണയപ്പെടുത്തി അവര്‍ നടത്തുന്ന ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ രക്ഷിതാവിന് മാത്രമേ സാധിക്കൂ. നിരന്തരമായ വിശ്രമരഹിത പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിന് വേണ്ടി ഒരു കേന്ദ്രം എന്നത് യൂത്ത് ലീഗിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തേട്ടമായിരുന്നു. അതാണ് ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ സാര്‍ത്ഥകമായിരിക്കുന്നത്. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. സേവന തല്‍പരരായ യുവസമൂഹത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗേഹമായി അത് മാറട്ടെ. മുസ്‌ലിം യൂത്ത് ലീഗിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഊടുംപാവും നല്‍കാന്‍ ഈ ആസ്ഥാനമന്ദിരത്തിന് കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.

 

 

Test User: