X

ഹാഥ്റസ് ​ദുരന്തം; യോഗി ആദിത്യനാഥിന് കത്തയച്ച് രാഹുൽ ​ഗാന്ധി

ഹാഥ്‌റസ് ദുരന്തത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ആള്‍ദൈവം ഭോലെ ബാബ സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ദുരന്തത്തെക്കുറിച്ച് നീതിപൂര്‍വവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യു.പി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതല്‍ തുക സമാഹരിച്ച് എത്രയും വേഗം കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ദുരന്തം അന്വേഷിക്കാന്‍ രൂപീകരിച്ച മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ ഞായറാഴ്ച ഹാഥ്‌റസിലെത്തി. സത്സംഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തും.

പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ദേവപ്രകാശ് മധുക്കറിനെ യുപി പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 80000 പേരെ പങ്കെടുപ്പിക്കേണ്ട പരിപാടിയില്‍ രണ്ടേകാല്‍ ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചു എന്നാണ് മധുക്കറിനു എതിരെ എഫ്.ഐ.ആറില്‍ പറയുന്നത്. പരിപാടിയുടെ സംഘാടകരായ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

webdesk13: