കോഴിക്കോട്: ലീലാമണി ടീച്ചര്‍ ഇത്തവണയും എത്തി. 75ാം വയസ്സിലും കലാവേശത്തിന്റെ കരുത്തുമായി. ഇക്കുറി ടീച്ചര്‍ പരിശീലിപ്പിച്ച രണ്ടു കുട്ടികളാണ് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം ടീച്ചറും കലോത്സവ വേദികളില്‍ ഓടി നടക്കുകയാണ്. ടീച്ചര്‍ പരിശീലനം നല്‍കിയ കല്യാശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ശ്രീദേവി ഉപേന്ദ്രന് എച്ച് എസ് വിഭാഗം മോഹനിയാട്ടത്തില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കുച്ചുപ്പുടി മത്സരത്തിലും ടീച്ചറുടെ ഒരു കുട്ടി മത്സരിക്കുന്നുണ്ട്.
വര്‍ഷങ്ങളായി സ്‌കൂള്‍, കോളജ് കലോത്സവങ്ങളില്‍ ലീലാമണി ടീച്ചറുടെ കുട്ടികളാണ് നൃത്തയിനങ്ങളില്‍ സമ്മാനം വാങ്ങാറുള്ളത്. അന്‍പതോളം കുട്ടികളാണ് ഇതിനകം ടീച്ചറുടെ പരിശീലനത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ളത്. നൃത്തത്തിലും സംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച ടീച്ചര്‍ കണ്ണൂരില്‍ കലാരഞ്ജിനി നൃത്ത സംഗീത വിദ്യാലയം നടത്തുന്നുണ്ട്.
കലാ രംഗത്തും സിനിമയിലും നിറഞ്ഞുനില്‍ക്കുന്ന ധാരാളം പേരുണ്ട് ടീച്ചറുടെ ശിഷ്യ സമ്പത്തില്‍. കാവ്യാ മാധവനും സംവൃത സുനിലും മൃതുല കുറുപ്പ് തുടങ്ങിയ താരങ്ങളെല്ലാം ടീച്ചറില്‍ നിന്ന് നൃത്തം പഠിച്ചവരാണ്. ഇപ്പോഴും നൂറ്റമ്പതിലധികം പേര്‍ ടീച്ചര്‍ക്കു കീഴില്‍ പരിശീലനം നടത്തുന്നുണ്ട്.
കലാമണ്ഡലത്തില്‍ നിന്ന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയ ലീലാമണി കുറച്ചുകാലം കലാമണ്ഡലത്തില്‍ അധ്യാപികയായിരുന്നു. ധാരാളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ മനസറിഞ്ഞാണ് ടീച്ചറുടെ പരിശീലനം. സ്വയം ആവിഷ്‌കരിച്ച പരിശീന പദ്ധതിയില്‍ അനായാസകരമായാണ് ടീച്ചറുടെ ക്ലാസുകള്‍. മാതൃസഹജമായ സ്‌നേഹത്തോടെ കുട്ടികളെ പരിശീലിപ്പിച്ചും നൃത്തവും സംഗീതവുമായി ടീച്ചറുടെ സര്‍ഗാത്മക ജീവിതം തുടരുകയാണ്. അക്ഷീണമായ സാധകവൃത്തി തുടരുന്ന ടീച്ചര്‍ കലാതിലകങ്ങളെയും കലാപ്രതിഭകളെയും വാര്‍ത്തെടുക്കാനുള്ള യാത്രയില്‍ തന്നെയാണ്.