റസാഖ് ഒരുമനയൂര്‍
അബുദാബി: പാണക്കാട് കുടുംബത്തിന്റെ മഹത്വം അഭിമാനകരവും സര്‍വ്വര്‍ക്കും ആശ്വാസകരവുമാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.യൂസഫലി എംഎ വ്യക്തമാക്കി.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തനോല്‍ഘാടനത്തില്‍ മുഖ്യതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎംഎസ്എ പൂക്കോയതങ്ങളും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരും സമൂഹത്തിന് വിലപ്പെട്ട സംഭാവനയര്‍പ്പിച്ചവരാണ്.പൂകോയതങ്ങള്‍ ഏറ്റവും പ്രിയപ്പെട്ട ആത്മീയനേതാവായിരുന്നു. തുടര്‍ന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ഇപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും തങ്ങളുടെതായ ദൗത്യനിര്‍വ്വഹണവുമായി മുന്നോട്ട് പോകുകയാണ്. അവരുടെ പദവികളും അവരോടുള്ള ബഹുമാനവും ആദരവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറാനും പ്രവാസികള്‍ക്ക് എന്നും പ്രയോജനകരമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമായിരിക്കണമെന്ന് യൂസുഫലി സംഘാടകരെ ഉണര്‍ത്തി.ആര്‍ടിബിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയിലൂടെ മനുഷ്യന്‍ സഞ്ചരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വരുംതലമുറയ്ക്ക് നാം മാതൃകയാവേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ കെഎംസിസികള്‍ സമൂഹത്തിന് നന്മ ചൊരിയുന്ന പ്രസ്ഥാനമാണെന്ന് യൂസഫലി പറഞ്ഞു.
പ്രസിഡണ്ട് പി ബാവഹാജി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറിഅഡ്വ.കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. സഫീര്‍ ദാരിമി ഖിറാഅത്ത് നടത്തി.ഇന്ത്യന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് മിഷ്യന്‍ എ അമൃതനാഥ്, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എംപിഎം റഷീദ്, അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, സുന്നിസെന്റര്‍ പ്രസിഡണ്ട് കബീര്‍ ഹുദവി പ്രസംഗിച്ചു.
കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, മോഹന്‍ ജാഷന്‍മാല്‍, സയ്യിദ് പൂകോയതങ്ങള്‍, സിംസാറുല്‍ഹഖ് ഹുദവി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍കുട്ടി,അബ്ദുല്‍ റഊഫ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.