അംബേദ്കര്‍ ദലിത് ഐക്കണ്‍ മാത്രമായി ചുരുക്കപ്പെടുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന നാം അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ അമൂല്യ സംഭാവനകളെയും തമസ്‌കരിക്കാനോ ദിശാശൂന്യമാക്കാനോ ഉള്ള ഏതൊരു ശ്രമത്തേയും പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുകയെന്നത് ഓരോ പൗരന്റെയും കടമയായി മാറുകയാണ്. 1935ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് കോപ്പിയടിച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് വിമര്‍ശക്കപ്പെട്ടിട്ടുണ്ട്. പി.ആര്‍ ദേശ്മുഖ്, പ്രൊഫ. എന്‍ ശ്രീനിവാസന്‍ തുടങ്ങിയവരൊക്കെ പണ്ടേ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവരാണ്. ഭരണഘടനയുടെ ശില്‍പിയായ ബി.ആര്‍ അംബേദ്കര്‍ തന്നെയും 1953 സെപ്തംബര്‍ രണ്ടാം തീയതി രാജ്യസഭയില്‍ ഇങ്ങനെ പറയുകയുണ്ടായി: ‘സര്‍, ഭരണഘടന ഉണ്ടാക്കിയത് ഞാനാണെന്നാണ് എന്റെ സുഹൃത്തുക്കള്‍ പറയുന്നത്. അത് കത്തിക്കുന്ന ആദ്യ വ്യക്തിയായിരിക്കുമെന്ന് പറയാനും ഞാന്‍ തയ്യാറാണ്’. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പക്ഷേ, മൗലിക സ്വഭാവമുണ്ട്. പ്രാജ്ഞ മാനനീയരായവരുടെ ഉത്തരവാദിത്ത ചിന്തയുടെ നിര്‍മിതകളാണ് ഈ വിമര്‍ശനങ്ങള്‍. എന്നാല്‍ ഭരണഘടനയെ പാടെ നിരാകരിക്കുകയും പ്രതിലോമമാണ് അതിന്റെ അന്തസത്തയെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നത് രാജാവ് നഗ്‌നനാണ് എന്ന് വിളിച്ചുപറയുന്നതിന് തുല്യമാണ്. ഈ കാലം ജനാധിപത്യപക്ഷത്തുനിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അക്ഷന്തവ്യമായ വ്യതിചലനമാണത്. ഭരണഘടനയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുകൊണ്ട് ഭരണഘടനാഅസംബ്ലിയില്‍ 1949 നവംബര്‍ 25ന് അംബേദ്കര്‍ അവസാനമായി നടത്തിയ സുദീര്‍ഘമായ പ്രസംഗം പഠിക്കേണ്ടതുണ്ട്. ‘ഇനി കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ നമ്മെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താന്‍ നമുക്കാവില്ല’ എന്ന ദീര്‍ഘദര്‍ശനം ഇന്ന് പുലരുകയാണ്. ഇന്ത്യ സ്വതന്ത്രയാകുകയും സ്വന്തമായൊരു ഭരണഘടനയും നിയമവ്യവസ്ഥയും നടപടിക്രമങ്ങളും രാജധര്‍മവും സ്വായത്തമായിരിക്കുകയാല്‍ ഇനിയൊരു വീഴ്ച സംഭവിച്ചാല്‍ വൈദേശിക ശക്തിയേയോ രാഷ്ട്രങ്ങളെയോ കുറ്റപ്പെടുത്തുന്നത് അസാധ്യമാണെന്നും നമ്മുടെ നന്മയും സങ്കല്‍പ്പങ്ങളും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്നും ദ്യോതിപ്പിക്കുകയാണ് പ്രസംഗത്തിലുടനീളം. ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഭരണഘടനയെ നോക്കുകുത്തിയാക്കി രാഷ്ട്രം ശൈഥില്യത്തിലേക്ക് കാലെടുത്ത് വെക്കുന്ന അഭിശപ്ത നിമിഷങ്ങളിലാണ് നാമുള്ളത്. അംബേദ്കര്‍ യുഗപുരുഷനായിരുന്നു. അതുകൊണ്ടുതന്നെ യുഗാന്തരങ്ങളെ ദര്‍ശനം ചെയ്യാനുള്ള പ്രാപ്തി കൈവരിച്ചിരുന്നു.
ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമുന്നയിച്ചത് മഹാത്മാഗാന്ധിയാണ്. എന്നാല്‍ അതൊരു ആവശ്യമായി പ്രമേയത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത് 1934 മെയ് മൂന്നിന് റാഞ്ചിയില്‍ ചേര്‍ന്ന സ്വരാജ് പാര്‍ട്ടി സമ്മേളനത്തിലാണ്. സമ്മേളനം ഇന്ത്യക്ക് സ്വയം നിര്‍ണയാവകാശം അവകാശപ്പെടുന്നു. ആ തത്വം പ്രയോഗിക്കുന്നതിനുള്ള ഏക മാര്‍ഗം, സ്വീകാര്യമായ ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിന് ഇന്ത്യന്‍ ജനതയുടെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളായ ഒരു ഭരണഘടനാ അസംബ്ലി വിളിച്ചുകൂട്ടണമെന്ന പ്രമേയം യോഗം അംഗീകരിക്കുന്നു. ഏറെ വൈകാതെ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യക്കുവേണ്ടി ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് കൊണ്ടുവരുന്നു. ഇന്ത്യയുടെ ഭരണഘടന നിലവില്‍വന്ന 1950 ജനുവരി 26 വരേക്കും ബ്രിട്ടീഷുകാരുടെ നിയമത്തിനകത്താണ് ഇന്ത്യ നിലകൊണ്ടത്. ഇന്ത്യക്ക് അധികാരം കൈമാറുന്നതിനുള്ള ചര്‍ച്ചകള്‍ക്ക്‌വേണ്ടി ബ്രിട്ടനില്‍നിന്നും മന്ത്രി പദവിയുള്ള മൂന്നംഗങ്ങളെ ഇന്ത്യയിലേക്ക് നിയോഗിച്ചു. പെത്തിക് ലോറന്‍സ്, സ്റ്റാഫോര്‍ഡ് ക്ലിപ്‌സ്, എ.വി അലക്‌സാണ്ടര്‍ എന്നിവവര്‍ 1946 മാര്‍ച്ചില്‍ ഇന്ത്യയില്‍ വന്നു. കാബിനറ്റ് മിഷന്‍ പ്ലാന്‍ എന്ന പേരിലാണ് ദൗത്യം അറിയപ്പെടുന്നത്. മിഷന്റെ നിദ്ദേശപ്രകാരമാണ് ഭരണഘടനാ സമിതി രൂപം കൊള്ളുന്നത്. ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, സെഷന്‍ ആറ് പ്രകാരമാണ് ഭരണഘടനാനിര്‍മാണ സഭയുണ്ടാകുന്നത്. 389 അംഗങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. 1946 ഡിസംബര്‍ ഒമ്പതിനാണ് ഇന്നത്തെ പാര്‍ലമെന്റ് ഹൗസ് സെന്‍ട്രല്‍ ഹാള്‍ എന്നറിയപ്പെടുന്ന ഇടത്തില്‍ ആദ്യയോഗം നടന്നത്. 207 പേര് അതിലൊപ്പിട്ടു. ഇന്ത്യാ വിഭജനത്തിന് ശേഷം 299 അംഗങ്ങളാണ് അവശേഷിച്ചത്. അതില്‍ പ്രവിശ്യാ അസംബ്ലികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 229 പേരും 29 നാട്ടുരാജ്യങ്ങളില്‍നിന്നുള്ള 70 പേരുമാണ് ഉണ്ടായിരുന്നത്. അവര്‍ രണ്ട് വര്‍ഷവും 11 മാസവുമെടുത്ത് 166 ദിവസങ്ങള്‍ കൂടിയിരുന്നുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത്.
വിഭജനമേല്‍പ്പിച്ച മുറിപ്പാടുകള്‍ ഉള്ളം നീറ്റിയെങ്കിലും ഇനിയൊരു മുറിവ് അസഹനീയമാണെന്ന് ഓരോ അംഗത്തിനും ബോധ്യമുണ്ടായതിനാല്‍ ഭരണഘടനാ നിര്‍മാണം ലോകചരിത്രത്തില്‍ അതുല്യമായ ഒരേടായി പരിണമിച്ചു. പ്രതിലോമകരവും വിതണ്ഡാത്മകവുമായ വാദഗതികള്‍ ഏറെ ഉയര്‍ന്നുവന്നുവെങ്കിലും മഹാ ഭൂരിപക്ഷം വരുന്ന രാഷ്ട്രമീമാംസകര്‍ അവരുടെ ഉള്‍ചിന്തയുടെ രാശിയില്‍ മനനം ചെയ്ത് പരിപാകമാക്കിയത് തന്നെയാണ് ഇന്ത്യന്‍ ഭരണഘടന. 80 ശതമാനം അംഗങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരുന്നു. എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് സഭയില്‍ അംഗങ്ങളുണ്ടായിരുന്നു. അവര്‍ അവരുടെ പാര്‍ട്ടികളുടെയോ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെയോ ജാതിമതവര്‍ഗ സങ്കുചിതങ്ങളുടെയോ വിപ്പുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വൈരനിര്യാതന ബോധ്യങ്ങള്‍ക്കും വിധേയരായിരുന്നുവെങ്കില്‍ ഇന്ത്യ ലോകത്തിന്മുമ്പില്‍ തലകുനിക്കേണ്ടിവരുമായിരുന്നു. എന്നാലതുണ്ടായില്ല.
1946 ഡിസംബര്‍ 13ന് ജവഹര്‍ലാല്‍ നെഹ്‌റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. 1947 ജനുവരി 22ന് ലക്ഷ്യപ്രമേയം സഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു. ലക്ഷ്യപ്രമേയത്തോടുള്ള അംബേദ്കറുടെ പ്രതികരണമെന്ന നിലക്ക് ‘സ്റ്റേറ്റും ന്യൂനപക്ഷവും: എന്തൊക്കെയാണ് അവരുടെ അവകാശങ്ങള്‍, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലൂടെ അവ എങ്ങനെ സംരക്ഷിക്കാം’ എന്നൊരു സുദീര്‍ഘ പ്രബന്ധം അദ്ദേഹം സഭക്ക് മുമ്പാകെവെച്ചു. എന്നാലതിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. (20000 വാക്കുകളുള്ള ഈ പ്രബന്ധം പിന്നീട് അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചു). 1947 ഓഗസ്റ്റ് 29നാണ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള കരടുകമ്മിറ്റിയെ നിയോഗിച്ചത്. ഭരണഘടനാ ഉപദേശകനായിരുന്ന ബി.എന്‍ റാവു വിവിധ കമ്മിറ്റികളുടെ നിര്‍ദേശങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭരണഘടനയുടെ മാതൃക തയ്യാറാക്കി നല്‍കി. നെഹ്‌റുവിന്റേതാണ് ആമുഖമെന്ന് പൊതുവെ പറയപ്പെടാറുണ്ട്.
1948 ഫെബ്രുവരി ആറിന് കരടുനിര്‍മാണസഭ ആമുഖം ചര്‍ച്ചക്കെടുത്തു. അംബേദ്കര്‍ക്ക്പുറമെ അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍, മൗലവി സാദുള്ള, എന്‍. മാധവറാവു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ‘ഇന്ത്യയിലെ ജനങ്ങളായ നാം…’ എന്നുതുടങ്ങി, ‘ജാതീയമോ മതപരമോ ആയ വേര്‍തിരിവില്ലാതെ വ്യക്തിയുടെ അന്തസും സാഹോദര്യവും ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരിക്കയാല്‍’ എന്ന് അവസാനിക്കുന്ന ആമുഖം നെഹ്‌റുവിന്റെ ലക്ഷ്യപ്രമേയമോ അംബേദ്കറിന്റെതന്നെ ന്യൂനപക്ഷ അവകാശപ്രമേയമോ ബി. എന്‍ റാവുവിന്റെ മാതൃകയോ ഏതെങ്കിലും ഒന്നുമാത്രമായിരുന്നില്ല. എന്നാല്‍, അവയെല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതായിരുന്നുവെന്ന് ആകാശ് സിങ് റാത്തോറിന്റെ ‘അംബേദ്‌കേഴ്‌സ് പ്രിയാമ്പിള്‍: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
പരസ്പരമുള്ള ആ ഉള്‍ക്കൊള്ളലിലാണ് ഇന്ത്യയെന്ന ആശയം ജീവിക്കുന്നത്. സാഹോദര്യം എന്ന വാക്ക് ആമുഖത്തിലേക്ക് കൊണ്ടുവന്നത് അംബേദ്കറാണ്. ഫ്രീഡം എന്ന നെഹ്‌റുവിന്റെ വാക്കിനെ ലിബര്‍ട്ടി എന്നാക്കിയതും അംബേദ്കര്‍ തന്നെ. ഇത് രണ്ടിനെയും ഫലത്തില്‍ നിരാകരിക്കുന്ന ഫാസിസം ഇന്ത്യ ഭരിക്കുമ്പോള്‍ ഭരണഘടനാപരമായ ധാര്‍മികത ഉയരെ ഉയര്‍ത്തിപ്പിടിക്കാന്‍ നാം സര്‍വസജ്ജരാകുക.