X

രാജ്യത്തിന്റെ വലിയ നഷ്ടം-എഡിറ്റോറിയല്‍

ഇന്ത്യന്‍ സൈന്യത്തിന്റെ മദ്രാസ്‌റെജിമെന്റ് ആസ്ഥാനത്തിനുസമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസൈനികമേധാവിയും പത്‌നിയും ഉന്നതസൈനികരുമുള്‍പ്പെടെ 13 പേര്‍ മരണപ്പെടാനിടയായത് രാജ്യത്തെസംബന്ധിച്ച് വലിയ ഞെട്ടലാണുളവാക്കിയിരിക്കുന്നത്. ഉച്ചക്ക് 12.20ന് കോയമ്പത്തൂരിലെ സൂലൂര്‍ വ്യോമസേനാതാവളത്തില്‍നിന്ന് പുറപ്പെട്ട വ്യോമസേനാഹെലികോപ്റ്റര്‍ ഊട്ടിക്കടുത്ത് കൂനൂര്‍ വെല്ലിംഗ്ടണ്‍ സൈനികകേന്ദ്രത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പാണ് ദാരുണമായ അപകടം സംഭവിച്ചതും സംയുക്തസൈനികമേധാവിയുള്‍പ്പെടെയുള്ളവരുടെ മരണം വൈകീട്ട് ആറുമണിയോടെ സ്ഥിരീകരിച്ചതും. രാവിലെ ഡല്‍ഹിയില്‍നിന്നെത്തി വെല്ലിംഗ്ടണിലെ സൈനികകോളജില്‍ ക്ലാസെടുക്കാനായി ചെല്ലുകയായിരുന്നു ജനറല്‍ ബിപിന്റാവത്തും സംഘവും. പൈലറ്റും സഹപൈലറ്റും റാവത്തിന്റെ സുരക്ഷാഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള 14പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ ്‌വിവരം. ഇവരില്‍ ഗ്രൂപ്പ് കമാന്‍ഡന്റ് വരുണ്‍സിംഗ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുള്ളത്. അത്യാധുനികശേഷിയും സംവിധാനങ്ങളുമുള്ള റഷ്യന്‍നിര്‍മിത എം.ഐ 17 വി.5 ഹെലികോപ്റ്ററാണ് യാത്രക്കുപയോഗിച്ചതെന്നതിനാല്‍ അപകടം തീര്‍ത്തും അസാധാരണമായിരിക്കുന്നു. ഒരുസംയുക്തസൈനികമേധാവിക്കാണ് ജോലിക്കിടെ ദാരുണമായ അന്ത്യം സംഭവിച്ചതെന്നത് അതിലേറെ സ്‌തോഭജനകവുമാണ്. അതുകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്തരീതിയിലുള്ള അപകടമാണ് ഇതെന്ന് പറയേണ്ടിവരും.

പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും സൈനികകാര്യങ്ങളില്‍ ഉപദേശിക്കുകയും കര,വ്യോമ,നാവിക സൈന്യങ്ങളെയാകെ നയിക്കാനും നിയന്ത്രിക്കാനും അധികാരമുള്ളതുമായ രാജ്യത്തെ ഉന്നതഉദ്യോഗസ്ഥനാണ് മരണപ്പെട്ടതെന്നത് ദക്ഷിണേഷ്യയിലെ വലിയസൈനികശക്തിയായ ഇന്ത്യയെസംബന്ധിച്ചിടത്തോളം ന്യായീകരിക്കാന്‍ പ്രയാസമുള്ളതാണ്. ഉച്ചയോടെയാണ് അപകടമെങ്കിലും അതിനുകാരണം മൂടല്‍മഞ്ഞും ചാറ്റല്‍മഴയുമാണെന്നാണ ്പ്രാഥമികമായി പറയുന്നത്. 2000 മീറ്ററലധികം ഉയരത്തിലുള്ള കാട്ടുപ്രദേശത്തേക്ക് പോകുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സൈന്യത്തിലെ ബന്ധപ്പെട്ടവര്‍ എടുത്തിരുന്നോ. പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും വഹിക്കാന്‍പോലും സംവിധാനിച്ചിട്ടുള്ളതും പലനിര്‍ണായക സൈനികദൗത്യങ്ങളിലും പങ്കാളിത്തമുള്ളതുമായ ഹെലികോപ്റ്ററാണ് എം.ഐ 17വി.5. രണ്ട് എഞ്ചിനുള്ളതും 99.99 ശതമാനം അപകടസാധ്യതകുറഞ്ഞതുമായ സൈനികവാഹനത്തിന് എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദവും സൂക്ഷ്മവുമായ പരിശോധനകള്‍ ആവശ്യമാണ്. ഇതിനകംതന്നെ സര്‍ക്കാര്‍ അടിയന്തിരഅന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രതിരോധകാര്യമന്ത്രി രാജ്‌നാഥ്‌സിംഗ് പ്രധാനമന്ത്രിയെ കണ്ട് സൈനികനടപടിക്രമമനുസരിച്ചുള്ള വിശദീകരണം ബോധ്യപ്പെടുത്തുകയുണ്ടായി. മുംബൈയിലെ സന്ദര്‍ശനപരിപാടികള്‍ റദ്ദാക്കി റാംനാഥ്‌കോവിന്ദ് ഡല്‍ഹിയില്‍ തിരിച്ചെത്തിയതും ഇന്നലെ വൈകീട്ട്‌സുരക്ഷാകാര്യങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി യോഗംചേര്‍ന്നതും സര്‍ക്കാര്‍ വിഷയം അതീവഗൗരവത്തോടെ കാണുന്നുവെന്നതിന് തെളിവാണ്. അതേസമയം അതുകൊണ്ടുമാത്രം തീരുന്നതല്ല ഒരുതലമുതിര്‍ന്ന സൈനികോദ്യോഗസ്ഥന്റെ ദാരുണമായമരണം.

പിഴവുകളെക്കുറിച്ച് പറയുമ്പോള്‍ കരസേനക്ക് അടുത്തിടെയാണ് വടക്കുകിഴക്കന്‍സംസ്ഥാനമായ ഭീമാബദ്ധം നാഗാലന്‍ഡില്‍ പിണഞ്ഞത്. രഹസ്യാന്വേഷണസംവിധാനത്തിന്റെ വീഴ്ചയായാണ് അത് വിലയിരുത്തപ്പെട്ടത്. സൈനികരഹസ്യാന്വേഷണസംവിധാനം എത്രകണ്ട് തകരാറിലാണെന്നതിന് തെളിവാണ് കഴിഞ്ഞഅഞ്ചുവര്‍ഷത്തിലധികമായി രാജ്യത്തിന്റെ വിവിധസൈനികകേന്ദ്രങ്ങളിലേക്ക് നടക്കുന്ന ഭീകരാക്രമണങ്ങളും സൈനികരുടെയും സിവിലിയന്മാരുടെയും കൂട്ടമരണവും. രാജ്യത്തെ പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട് മുമ്പ് കൈക്കൂലി ആരോപണം ഉയരുകയും അവയിലൊന്ന് കയ്യോടെപിടിക്കപ്പെടുകയും ചെയ്തസംഭവം ഇന്ത്യക്കുണ്ട്. സ്റ്റിംഗ്ഓപ്പറേനിലൂടെ ഒരുമാധ്യമമാണ് കോടികളുടെ കോഴഇടപാട് പുറത്തുകൊണ്ടുവന്നത്. സൈനികര്‍ക്ക് ശവപ്പെട്ടി വാങ്ങിയതിലെ കോടികളുടെ അഴിമതിയും പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയുടെയും പ്രതിരോധമന്ത്രി ജോര്‍ജ്‌ഫെര്‍ണാണ്ടസിന്റെയും കാലത്തുണ്ടായി. ഇതിനൊക്കെ പരിഹാരമെന്നനിലയിലാണ് 2019ല്‍ കരസേനാമേധാവിസ്ഥാനത്തുനിന്ന് വിരമിച്ചിട്ടും ബിപിന്റാവത്തിനെ സംയുക്തസേനാമേധാവി എന്ന പ്രത്യേകപദവിയുണ്ടാക്കി മോദിസര്‍ക്കാര്‍ നിയമിച്ചത്. നാലുപതിറ്റാണ്ട് സൈനികസേവനമുള്ള റാവത്ത് അടുത്തിടെ ജമ്മുകശ്മീരിലുള്‍പ്പെടെ കൈക്കൊണ്ട സൈനികനടപടികള്‍ ഒരുപരിധിവരെ രാജ്യസുരക്ഷക്കും ഒപ്പംതന്നെ ജനകീയപ്രതിഷേധത്തിനും കാരണമായിരുന്നു. ഏതായാലും യുദ്ധകാലമല്ലാതിരുന്നിട്ടുകൂടി സൈന്യത്തിലെ ഉന്നതരുടെ വിലപ്പെട്ടജീവനുകള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ലെന്നുവരുന്നത് ഉന്നതശ്രേണിയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സൈനികരുടെ ജീവനും ആത്മവീര്യവുംകൊണ്ട് രാജ്യത്ത് സുരക്ഷിതബോധത്തോടെ കഴിയുന്ന ജനത്തിന് ഒരുകാരണവശാലും ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നുമാത്രമേ ആവശ്യപ്പെടാനുള്ളൂ.

 

Test User: