X

സുപ്രീംകോടതി വിധിയില്‍ പിടിച്ച് ഗവര്‍ണര്‍ കച്ചമുറുക്കുന്നു; അഞ്ച് വി.സിമാരുടെ ഭാവി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വി.സി നിയമനത്തില്‍ താനാണ് സര്‍വാധികാരിയെന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതി വിധി ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കച്ചമുറുക്കുന്നത് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു. സാങ്കേതിക സര്‍വകലാശാല വി.സി നിയമം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാലകളിലെ വി.സി നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ തീരുമനിച്ചാണ് സര്‍ക്കാരിന്റെ ഇതുവരെ ചെറുത്തുനില്‍പ് വിഫലമാകും.

അത്തരമൊരു തീരുമാനിത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് രാജ്ഭവന്‍ നല്‍കുന്നത്. മാത്രമല്ല, വി.സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഇന്നലെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ യു.ജി.സി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വി.സിമാരുടെ ഭാവി അനിശ്ചിതത്വത്തിലായി.

ഗവര്‍ണര്‍ വി.സിമാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. യു.ജി.സി മാനദണ്ഡം ലംഘിച്ചുള്ള വി.സി നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. വി.സിമാരുടെ നിയമനത്തിനെതിരെ പരാതി നല്‍കിയവര്‍ കെ.ടി.യു വിധി തുടര്‍ നിയമപോരാട്ടത്തിന് ഉപയോഗിച്ചേക്കും. മാത്രമല്ല, കണ്ണൂര്‍ വി.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

കെ.ടി.യുവില്‍ വി.സി നിയമനത്തിന് പാനല്‍ നല്‍കുന്നതിന് പകരം ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയത്. കൂടാതെ സെര്‍ച്ച് കമ്മറ്റിയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രധാന വ്യക്തികള്‍ ഉണ്ടാകണമെന്ന യു.ജി.സി ചട്ടം മറികടന്ന് ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കി. യു.ജി.സി ചെയര്‍മാന്റെ നോമിനിക്ക് പകരം എ.ഐ. സി.ടി.ഇ നോമിനിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹര്‍ജിക്കാന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമനം 2015 ലെ സാങ്കേതിക സര്‍വകലാശാല നിയമത്തിലെ നടപടി ക്രമങ്ങള്‍ പാലിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2013 ലെ യു.ജി.സി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലും നിയമനം നടത്താമെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവുണ്ടായത്.
കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് പതിനഞ്ച് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളി കോടതി പരിശോധിക്കുകയും ഈമാസം 31 വരെ പകരം നിയമനം നടത്തരുതെന്ന് ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലകളിലെ നിയമന കാര്യത്തില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇനിയും ഒപ്പുവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരം ഗവര്‍ണര്‍ വിനിയോഗിച്ചാല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതില്‍ സംശയമില്ല. അതേസമയം ഗവര്‍ണറെ കൂടുതല്‍ പ്രകോപിപിക്കേണ്ടതില്ലെന്ന മുന്‍ തീരുമാനത്തില്‍ നിന്നും സി.പി.എം പിന്നാക്കം പോയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതിഷേധത്തിനുള്ള തിയതിയും പ്രതിഷേധ രീതിയും അടുത്ത ദിവസം ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനിക്കും.

Test User: