X

ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരും കേരളത്തിന്റെ ഭാവിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള കിടമത്സരം മാന്യതയുടെ സകല സീമകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദിവസം പിന്നിടുമ്പോഴും ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം നടത്തുന്ന വിഴുപ്പലക്കുകള്‍ സഹിക്കുകയാണ് കേരളജനത. പിപ്പടിയും ചെപ്പടിയും പ്രീതിയുമെല്ലാമാണ് കളം നിറഞ്ഞുനില്‍ക്കുന്നത്. അതിനിടയില്‍ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര വിഷയങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ് ഇരുപക്ഷവും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ വാളിന്റെ മുനയില്‍ നിര്‍ത്തി പന്ത്രണ്ടോളം സര്‍വകലാശാലകളെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മത്സരിക്കുകയാണ് ഗവര്‍ണറും സര്‍ക്കാറും. എല്ലാ വൈസ് ചാന്‍സലര്‍മാരെയും ഒറ്റയടിക്ക് പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ തീരുമാനം നീതീകരിക്കാന്‍ കഴിയില്ല. വൈസ് ചാന്‍സലര്‍മാര്‍ അടിയന്തിരമായി രാജിവെക്കുകയോ അവരെ പിരിച്ചുവിടുകയോ ചെയ്യേണ്ട സാഹചര്യം നിലവിലില്ല. കേരള ടെക്‌നോളജിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഗവര്‍ണറുടെ പ്രഖ്യാപനം. എടുത്തുചാടിയുള്ള പ്രഖ്യാപനത്തിന് മുമ്പായി സര്‍ക്കാറുമായി കൂടിയാലോചിക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ധാരണകള്‍ രൂപപ്പെടുത്തുകയുമാണ് വേണ്ടിയിരുന്നത്. ഗവര്‍ണറുടെ തിടുക്കം പിടിച്ച നടപടികളുടെ പിന്നിലുള്ള രാഷ്ട്രീയം വളരെ പ്രകടമാണ്.

ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം ഊഷ്മളവും സുദൃഢവുമായിരിക്കുക സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളുടെ ആരോഗ്യകരമായ സുസ്ഥിതിക്ക് അനിവാര്യമാണ്. സംസ്ഥാനത്തെ പ്രഥമ പൗരനും ഭരണഘടനാ തലവനുമാണ് ഗവര്‍ണര്‍. എന്നാല്‍ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. മന്ത്രിസഭയുടെ നേതാവായ മുഖ്യമന്ത്രിയുമായാണ് ഗവര്‍ണര്‍ ആശയവിനിമയം നടത്തേണ്ടത്. ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഏറെ നാളുകളായി പ്രത്യക്ഷ യുദ്ധം നടന്നുവരികയാണ്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവെക്കാതെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെല്ലുവിളിച്ചുകൊണ്ടുമാണ് ഗവര്‍ണര്‍ കുറേക്കാലമായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാരില്‍ പ്രീതി നഷ്ടപ്പെടുന്നു എന്ന് പറയുന്ന ഗവര്‍ണര്‍ അക്കാര്യം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയുകയാണ് ചെയ്യുന്നത്. മന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണ് എന്നത് ശരിയാണെങ്കിലും ജനാധിപത്യപരമായി അധികാരത്തില്‍ വന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ ഒപ്പുവെക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണറാണ് മന്ത്രിയെ നിയമിച്ചതെന്നും അതുകൊണ്ട് ഗവര്‍ണര്‍ പറയുമ്പോള്‍ മന്ത്രി രാജിവെക്കണമെന്നും പറയുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള പാലമാണ് ഗവര്‍ണര്‍ പദവി. രണ്ടു ഭരണ കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ തമ്മിലുള്ള ബന്ധമായാണ് ഇരുപക്ഷത്തെയും കാണേണ്ടത്. അവര്‍ പരസ്പരമുള്ള ബന്ധങ്ങള്‍ക്ക് രാഷ്ട്രീയം തടസ്സമാവാന്‍ പാടില്ല.

പൗരത്വനിയമ കാലം തൊട്ടുതന്നെ ആരിഫ് മുഹമ്മദ് ഖാന്‍ സംഘ്പരിവാര്‍ രാഷ്ട്രീയം പ്രകടമാക്കുകയും തദനുസൃതമായ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഖാന്റെ രാഷ്ട്രീയത്തിന് മറുപടി നല്‍കാതെ തങ്ങളുടെ കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ഗവര്‍ണറെ ഉപയോഗപ്പെടുത്തുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചാന്‍സലര്‍ പദവിയെ ഉപയോഗപ്പെടുത്തി സര്‍വകലാശാലകളെ സംഘ് രാഷ്ട്രീയത്തിന് വിധേയമാക്കുന്നതിനുള്ള നിലം പാകപ്പെടുത്തുകയാണ് ആരിഫ് ഖാന്‍ എന്ന ആര്‍.എസ്.എസ് സഹയാത്രികന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളെയും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക കേന്ദ്രങ്ങളാക്കിയും സി.പി.എമ്മിന്റെ ഓഫീസുകളാക്കിയുമാണ് വളരെക്കാലമായി സി.പി.എം പ്രവര്‍ത്തിച്ചുവരുന്നത്. തങ്ങളുടേതല്ലാത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രത്യയശാസ്ത്രങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ സായുധമായും സൈദ്ധാന്തികമായും അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. സിന്‍ഡിക്കേറ്റുകളില്‍ അക്കാദമിക മികവുള്ളവരെ മാറ്റിനിര്‍ത്തി പകരം തങ്ങളുടെ രാഷ്ട്രീയ ഗുണ്ടാ സ്ഥാനം വഹിക്കുന്നവരെയാണ് സി.പി.എം തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്നത്. അങ്ങനെ രൂപപ്പെടുന്ന സിന്‍ഡിക്കേറ്റുകളാണ് ഓരോ സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരെ ഭരിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നോമിനികളായി വരുന്ന വൈസ് ചാന്‍സലര്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ കൈയൂക്കിന്റെ ഭാഗമായി രൂപപ്പെടുത്തിയ സിന്‍ഡിക്കേറ്റുകളുടെ കളിപ്പാവകളായി പ്രവര്‍ത്തിക്കണം എന്നതാണ് സി.പി.എമ്മിന്റെ സര്‍വകലാശാല ലൈന്‍. അതിനപ്പുറം സര്‍വകലാശാലകളുടെ അക്കാദമിക നിലവാരമോ ഭരണ കാര്യക്ഷമതയോ ഒന്നും സി.പി.എമ്മിന് വിഷയമല്ല. തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് മാത്രം വിഹരിക്കാനും വിളയാടാനുമുള്ള ഇടമാക്കി യൂണിവേഴ്‌സിറ്റി കാമ്പസുകളെ സി.പി.എം കാണുന്നു. പൂര്‍ണമായും മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയവത്കരിക്കപ്പെട്ട താവളങ്ങളാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നിലവില്‍വന്ന വിദ്യാഭ്യാസ കമ്മീഷനുകള്‍ വൈസ് ചാന്‍സലര്‍ പദവിയെ സംബന്ധിച്ച് വ്യക്തമായ ദിശാബോധം നല്‍കിയിട്ടുണ്ട്. 1948ല്‍ മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന കമ്മീഷനുപുറമെ 1966ല്‍ കോത്താരി, 1990 ല്‍ ജ്ഞാനം, 1993ല്‍ രാംലാല്‍ പരീഖ് തുടങ്ങിയ കമ്മീഷനുകളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ മികച്ച ഭരണനൈപുണ്യവും ഉയര്‍ന്ന ധാര്‍മിക നിലവാരമുള്ള അറിയപ്പെടുന്ന അക്കാഡമിഷ്യന്‍ ആയിരിക്കണം വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെ കുടിയിരുത്താനോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കയറ്റി ഇരുത്താനോ പറ്റുന്ന കേവല ജോലിയല്ല വൈസ് ചാന്‍സലര്‍ പദവി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന, അവരെ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കേണ്ട വളരെ വലിയ ഉത്തരവാദിത്തമാണ് സര്‍വകലാശാലകള്‍ നിര്‍വഹിക്കുന്നത്. അതിന്റെ തലപ്പത്ത് ഇരിക്കേണ്ടത് രാഷ്ട്രീയം തലക്ക് പിടിച്ചവരല്ല, മറിച്ച് വിദ്യാഭ്യാസത്തെ സംബന്ധിച്ച ഉന്നത കാഴ്ചപ്പാടുള്ളവരും വലിയ സിസ്റ്റത്തെ കുഴപ്പങ്ങള്‍ കൂടാതെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഭരണമികവുള്ളവരും ഉന്നതമായ സ്വഭാവഗുണങ്ങളുള്ള വ്യക്തിത്വത്തിന് ഉടമയായവരുമായിരിക്കണം.

2013 ജൂണ്‍ 13 ന് യു.ജി.സി പുറപ്പെടുവിച്ച നോട്ടിഫിക്കേഷനില്‍ വൈസ് ചാന്‍സലര്‍ക്ക് വേണ്ട യോഗ്യതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിവും സത്യസന്ധതയും ധാര്‍മികതയും പ്രതിബദ്ധതയുമുള്ള, യൂണിവേഴ്‌സിറ്റി സിസ്റ്റത്തില്‍ പത്ത് വര്‍ഷമെങ്കിലും പ്രൊഫസറായി പ്രവൃത്തി പരിചയമുള്ള ഒരാളെയായിരിക്കണം നിയമിക്കേണ്ടത് എന്നും സെര്‍ച്ച് കമ്മിറ്റി 35 പേര്‍ അടങ്ങുന്ന ഒരു പാനലിനെ നിര്‍ദ്ദേശിക്കുകയും അതില്‍ നിന്ന് ഒരാളെ വി.സിയായി കണ്ടെത്തുകയും ചെയ്യുകയാണ് വേണ്ടതെന്നുമാണ് അതില്‍ പറയുന്നത്. സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ക്ക് അതത് യൂണിവേഴ്‌സിറ്റിയുമായി ഒരുനിലക്കുമുള്ള ബന്ധവും പാടില്ലെന്നും ചട്ടം പറയുന്നുണ്ട്. എന്നാല്‍ യു.ജി.സി പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം യോഗ്യതയായി നിശ്ചയിച്ചുകൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ളവരെ വി.സിമാര്‍ ആക്കാനാണ് സി.പി.എം ശ്രമിച്ചുവന്നത്. അതുകൊണ്ടാണ് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി ഡോ. എം.എസ് രാജശ്രീക്ക് നഷ്ടമായത്. ഏറ്റവും ചുരുങ്ങിയത് മൂന്ന് പേരെ നിര്‍ദ്ദേശിക്കണമെന്ന യു.ജി.സി ചട്ടം ലംഘിച്ചുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റി ഡോ. രാജശ്രീയുടെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ അന്ന് വൈസ് ചാന്‍സലര്‍ പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന ഡോ. പി.എസ് ശ്രീജിത്ത് നല്‍കിയ പരാതിയാണ് രാജശ്രീക്ക് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടിയായത്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാല, റിയാദിലെ കിംഗ് ഖാലിദ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായ ഡോ. ശ്രീജിത്ത് കുസാറ്റിന്റെ കീഴിലുള്ള കുട്ടനാട് എഞ്ചിനീയറിങ് ക്യാമ്പസിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്നു. നിലവില്‍ കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പറുമാണ്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന ശുപാര്‍ശ സര്‍ക്കാറിന്റെ അംഗീകാരത്തിന്‌ശേഷം ചാന്‍സലറായ ഗവര്‍ണര്‍കൂടി ഒപ്പുവെച്ച ശേഷമാണ് ഡോ. രാജശ്രീ വൈസ് ചാന്‍സലര്‍ ആയിട്ടുള്ളത്. യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനത്തില്‍ ഗവര്‍ണര്‍ എന്തിന് ഒപ്പുവെച്ചു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് രാജ്ഭവനാണ്. യോഗ്യതകള്‍ പരിഗണിക്കാതെ വി.സിയെ നിശ്ചയിച്ച സര്‍ക്കാറും അത് അംഗീകരിച്ചുകൊടുത്ത രാജ്ഭവനും കുറ്റക്കാരാണ്.

സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സി.പി.എം ശ്രമങ്ങളാണ് കേരളം ഇന്ന് നേരിടുന്ന വെല്ലുവിളി. ഭരണഘടനയില്‍ അധിഷ്ഠിതമായി നിന്നുകൊണ്ടുള്ള പ്രശ്‌നപരിഹാരങ്ങള്‍ക്ക് സി.പി.എം ശ്രമിക്കുന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകായുക്ത ഭേദഗതി ബില്‍. സംഘ്പരിവാറിന്റെ താല്‍പര്യം സ്ഥാപിക്കാന്‍ വേണ്ടി ഗവര്‍ണര്‍ കളിക്കുന്ന രാഷ്ട്രീയത്തെ മുന്നില്‍ നിര്‍ത്തി സ്വന്തം കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയാണ് സി.പി.എം. ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ പദവി എടുത്തുകളയുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയടക്കം വീമ്പ് പറയുന്നത്. സര്‍വകലാശാലകളെ പൂര്‍ണമായും തങ്ങളുടെ അധീശത്വത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ഈ അവസരത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ആരിഫ് ഖാന്‍ കളിക്കുന്ന സംഘ്പരിവാര്‍ പിപ്പിടിയും പിണറായി കളിക്കുന്ന മാര്‍ക്‌സിസ്റ്റ് ചെപ്പടിയും ഒരുപോലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് വലിയ പരിക്കുകളാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്.

 

Test User: