X

ഗവര്‍ണര്‍ കയറി ഭരിക്കുന്നു: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണം; പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍വ്വകലാശാലാ ബില്ലിലെ പ്രതിപക്ഷ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം ഗവര്‍ണര്‍ ഏറ്റെടുത്ത പ്രതീതിയാണ് കേരളത്തിലുണ്ടായത്. അങ്ങനെയൊരു ഏറ്റെടുക്കലിനെ അംഗീകരിക്കാനാവില്ല. യൂണിവേഴ്സിറ്റി ഭരണത്തില്‍ സര്‍ക്കാരിനോട് ശക്തമായ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷമെന്ന നിലയില്‍ പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ സര്‍ക്കാരില്ലെങ്കില്‍ പ്രതിപക്ഷവുമില്ല. എല്ലാ കാര്യത്തിലും ഗവര്‍ണര്‍ കയറി ഇടപെടുന്നത് ഇതിന് മുമ്പൊന്നും കാണാത്ത കാര്യമാണ്. അതിനെ അനുകൂലിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കണം. ഗവര്‍ണര്‍ ഗവണ്‍മെന്റിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കട്ടെ. സര്‍ക്കാരിന് മുകളില്‍ മറ്റൊരു സര്‍ക്കാര്‍ വേണ്ട.- അദ്ദേഹം വിശദീകരിച്ചു.

അതേസമയം യൂണിവേഴ്സിറ്റി ഭരണത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചട്ടിയില്‍നിന്ന് അടുപ്പിലേക്ക് വീഴുന്ന അവസ്ഥയുണ്ടാകരുത്. യൂണിവേഴ്സിറ്റി ഭരണത്തില്‍ പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ല. ഗവര്‍ണറുടെ ജനാധിപത്യ ബോധമില്ലായ്മ പറയുന്ന സര്‍ക്കാറിന് ജനാധിപത്യമുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തണം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഹെഡ് ഓഫീസായി സര്‍വ്വകലാശാലകള്‍ മാറി.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ മതിയെന്നാണ് പ്രതിപക്ഷ നിര്‍ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലറാകണം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാന്‍സിലറെ നിയമിക്കണം. സമിതിയില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളായിരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Test User: