തിരുവനന്തപുരം: സര്‍ക്കാര്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം ആരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. ചിത്രാഞ്ജലി എന്ന പേരിലാകും ഒ.ടി.ടി പ്രവര്‍ത്തിക്കുക. കരാറിന് ഏഴ് കമ്പനികളാണ് രംഗത്തുള്ളത്. ഇതില്‍ ഒരു കമ്പനിയെ അടുത്തമാസം തെരഞ്ഞെടുക്കും.
കമ്പനിയെ തെരഞ്ഞെടുത്ത ശേഷം മൂന്ന് മാസംകൊണ്ട് ഒ.ടി.ടി പ്ലാറ്റ് ഫോം യാഥാര്‍ത്ഥ്യമാക്കാനാണ് ചലച്ചിത്ര വികസന കോര്‍പറേഷന്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തീയറ്ററുകള്‍ അടഞ്ഞു കിടന്നിരുന്ന സമയത്താണ് സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന ആശയം ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്നോട്ടുവെച്ചത്. രണ്ടു വര്‍ഷത്തേക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോം വാടകക്ക് എടുക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആറ് കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാടക ഇനത്തില്‍ അടക്കമുള്ള ചെലവാണിത്. കലാമൂല്യം ഉണ്ടെങ്കിലും തീയറ്ററുകളില്‍ ഇടം ലഭിക്കാതെ പോകുന്ന നിരവധി ചിത്രങ്ങള്‍ മലയാള സിനിമയിലുണ്ട്. അതിനാല്‍ തിയറ്ററുകളില്‍ ഇടം കിട്ടാത്ത കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാകും സര്‍ക്കാര്‍ ഒ.ടി.ടിയില്‍ കൂടുതല്‍ പരിഗണന ലഭിക്കുക.