Categories: Article

സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരണം

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തത്തിന് എട്ടുമാസം പിന്നിടുമ്പോള്‍ ഭരണകൂടങ്ങള്‍ ഇക്കാലമത്രയും എവിടെയായിരുന്നു എന്ന ചോദ്യമാണ് ദുരിതബാധിതര്‍ ഉയര്‍ത്തുന്നത്. രാജ്യം ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചപ്പോള്‍ ഭരണകൂടങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത് ചരിത്രത്തില്‍ തുല്ല്യതയില്ലാത്തത്രയും വലിയ അവഗണനയാണ്. കേന്ദ്ര -കേരള സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തിയും ചെളിവാരിയെറിഞ്ഞും കാലം കഴിച്ചുകൂട്ടിയപ്പോള്‍ ദുരിതപര്‍വങ്ങളുടെ നടുക്കടലില്‍ അകപ്പെട്ടുപോയ ഒരു ജനത തീ തിന്നു കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കങ്ങളും ദുരിത ബാധിതര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതും അവര്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു. സര്‍ക്കാറിന്റെ നടപടികളിലുള്ള ജനങ്ങളുടെ അതൃപ്തിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ വയനാട്ടിലുണ്ടായത്. ജില്ലാ കലക്ടറുമായുള്ള കൂടിക്കാഴ്ച്ച നടത്തിയ 89 ദുരിത ബാധിതരില്‍ വെറും എട്ടുപോര്‍ മാത്രമാണ് സമ്മത പത്രം ഒപ്പിട്ടു നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചിരിക്കെ ആകെ കൂടിക്കാഴ്ച നടത്തിയ 125 പേരില്‍ 13 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്.

ദുരന്തം അതിജീവിച്ചവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയമാണ്. ദുരന്തം നടന്ന് അഞ്ച് മാസം കഴിഞ്ഞതിന് ശേഷം ഏറെ പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കും ഒടുവിലാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇരകള്‍തന്നെ തെരുവിലിറങ്ങുകയും വീടുകളും മറ്റും വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടെ കേരളത്തെ കുറ്റപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമാണ് ഇടതു സര്‍ക്കാര്‍ അല്‍പമെങ്കിലും അനങ്ങിയത്.

പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചവരുമായി കൂടിക്കാഴ്ച്ച നടത്താന്‍പോലും മുഖ്യമന്ത്രിക്ക് അഞ്ചുമാസം വേണ്ടിവന്നു. ദുരിത ബാധിതരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല എന്നു സാങ്കേതികത്വത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ഭരണ കൂടങ്ങള്‍ ശ്രമിച്ചത്. അവര്‍ക്ക് അനുവദിച്ച 300 രൂപ അലവന്‍സ് കേവലം മൂന്നുമാസം കൊണ്ടാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ടൗണ്‍ഷിപ്പ് നിര്‍മിച്ചു നല്‍കാനുള്ള ഭൂമി കണ്ടെത്തുന്നതില്‍ പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അമ്പരപ്പിക്കുന്ന ഉദാസീനതയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലിലാണ് അനങ്ങാപ്പാറ നയം ഉപേക്ഷിക്കാന്‍ തയാറായത്. ദുരിതബാധിതര്‍ക്കുള്ള സഹായവിതരണത്തില്‍ പോലും കെടുകാര്യസ്ഥത നിറഞ്ഞുനില്‍ക്കുകയുണ്ടായി. ദീര്‍ഘ നാളത്തെ മുറവിളിക്കു ശേഷം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി വായ്പയായി പണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയാകട്ടെ ദുരന്തബാധിതരോടുള്ള വെല്ലുവിളിയായിരുന്നു.

ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് പണം അനുവദിച്ചത്. എന്നാല്‍ 529.50 കോടി രൂപയുടെ പുനര്‍നിര്‍മാണം ഒന്നര മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഇതോടൊപ്പം സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്നു മാത്രമല്ല, വിഷയം കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് ലഭിച്ചിരുന്നത് വലിയ വാഗ്ദാനങ്ങളും പിന്തുണയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹയം ഒഴുകിയെത്തുകയും നൂറുക്കണക്കായ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ഇതൊന്നും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയാത്ത സാഹചര്യത്തില്‍ എല്ലാം ഒന്നില്‍ നിന്ന് തന്നെ തുടങ്ങേണ്ട അവസ്ഥയാണുള്ളത്. മുസ്ലിം ലീഗ് പാര്‍ട്ടി സ്വന്തമായി ഫണ്ട് ശേഖരണം നടത്തുകയും പുനരധിവാസ, സഹായ പ്രവര്‍ത്തനങ്ങളുമായി ബഹുദൂരം മുന്നേറുകയും ചെയ്തിരിക്കുകയാണ്.

സര്‍ക്കാര്‍ തയാറാക്കിയ ലിസ്റ്റ് അനുസരിച്ചുതന്നെ ഒരു പരാതിക്കും ഇടനല്‍കാതെ സഹായ വിതരണങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇനിയും സര്‍ക്കാറിനെ കാത്തുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുറപ്പായതോടെ സ്വന്തമായി ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ചടുലമായ ഈ നീക്കങ്ങള്‍ പാര്‍ട്ടി ഫണ്ടുശേഖരണത്തില്‍ പങ്കാളികളായ മുഴുവനാളുകള്‍ക്കും പ്രതീക്ഷയും അഭിമാനവും സമ്മാനിക്കുകയാണ്.

webdesk18:
whatsapp
line