X

ആ വണ്ടിയില്‍ നിന്ന് സര്‍ക്കാര്‍ ഇറങ്ങണം-എഡിറ്റോറിയല്‍

ഇടതുപക്ഷ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തെ കീറിമുറിച്ച് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് വെട്ടുന്ന പദ്ധതിയുടെ ചൂളംവിളി കേട്ടുതുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്തിന് നെഞ്ചിടിപ്പും കൂടിയിട്ടുണ്ട്. നാളെ മുതല്‍ യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നതോടെ കെ-റെയിലുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. അര്‍ധഅതിവേഗ തീവണ്ടി ഓടിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ജനങ്ങങ്ങള്‍ രംഗത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ നേതാക്കളല്ലാതെ മറ്റൊരാളും പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്ന് പറയുന്നില്ല. പൊതു ഖജനാവിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത, സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ തുടങ്ങി അനേകം ഘടകങ്ങളെക്കൊണ്ട് കെ-റെയില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഇനിയും ആ അധികവേഗ തീവണ്ടിയില്‍ കടിച്ചുതൂങ്ങിയാല്‍ തെറിച്ചുവീഴുമെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.

പരിസ്ഥിതിക്കും ജനങ്ങള്‍ക്കും കടുത്ത ആഘാതമുണ്ടാക്കുന്നതാണ് ഈ സില്‍വര്‍ ലൈന്‍ പദ്ധതി. 1483 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. അതിനുവേണ്ടി ഇരുപതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതിന്റെ സാമൂഹിക ദുരന്തങ്ങള്‍ സംസ്ഥാനം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. വഴിയാധാരമായ അനേകം പേര്‍ നഷ്ടപരിഹാരം തേടി തെണ്ടുകയാണ് ഇപ്പോഴും. ജനകീയ എതിര്‍പ്പു കാരണം ദേശീയ പാതയടക്കം പലതിനും ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും എവിടെയും എത്തിയിട്ടില്ല. കെ-റെയിലിന്റെയും ഗതി ഇതു തന്നെയായിരിക്കും. ജനവാസം നിറഞ്ഞ പ്രദേശങ്ങള്‍ ഒഴിവാക്കുമെന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണ്. കാസര്‍കോട് മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍വേ പാതക്ക് സമാന്തരമായി കെ-റെയില്‍ നിര്‍മിക്കുന്നത് കൂട്ടക്കുടിയൊഴിപ്പിക്കലിലേക്ക് നയിക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് വീടുകള്‍, പൊതുകെട്ടിടങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവ തച്ചുനിരത്തുന്നതോടൊപ്പം ഒരു ലക്ഷത്തോളം പേര്‍ക്ക് കൃഷി നഷ്ടമാവുകയും ചെയ്യും. നെല്‍പാടങ്ങളും തണ്ണീര്‍ക്കുടങ്ങളും നശിക്കും. പിരിസ്ഥിതിലോല പ്രദേശങ്ങള്‍ നിറഞ്ഞ സംസ്ഥാനത്ത് ഇടനാടന്‍ കുന്നുകളും വന്‍തോതില്‍ നശിപ്പിക്കേണ്ടിവരും.

ഭീകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കെ-റെയിലുമായി മുന്നോട്ടുപോകുന്നത്? അതിനുള്ള ഉത്തരമാണ് പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ മുന്‍ ഐ.ആര്‍.എസ്.ഇ ഉദ്യോഗസ്ഥന്‍ അലോക് വര്‍മയുടെ വാക്കുകള്‍. രാജ്യാന്തര ലോബിയുടെ താല്‍പര്യങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ട് അട്ടിമറിച്ചെന്നാണ് അലോക് വര്‍മയുടെ വെളിപ്പെടുത്തല്‍. അതിലെ പല നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാറിന് ദഹിക്കുന്നതായിരുന്നില്ല. പകരം കെ-റെയിലിന് അനുകൂലമാക്കി മറ്റൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടുകയും ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് മാഫിയക്കുവേണ്ടിയാണ് സര്‍ക്കാര്‍ കെ-റെയിലിന് പിന്നാലെ ഓടുന്നതെന്ന സംശയത്തിന് അലോക് വര്‍മയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ ബലം നല്‍കുന്നുണ്ട്. പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. വന്‍കിടക്കാര്‍ക്ക് മാത്രം പ്രയോജനം ചെയ്യുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പലതും സര്‍ക്കാര്‍ മറച്ചുവെക്കുന്നതായി ആരോപണമുണ്ട്.

2018ല്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്ക്. 1.24 ലക്ഷം കോടി വേണ്ടിവരുമെന്ന് നീതി ആയോഗും പറയുന്നു. നിര്‍മാണ ജോലികള്‍ ആരംഭിക്കുമ്പോഴേക്ക് രണ്ട് ലക്ഷം കോടിയിലേറെ ചെലവിടേണ്ടിവരും. കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ അത്രയും വലിയ തുക താങ്ങാനാവില്ല. സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ മുഴുവന്‍ ഫണ്ടും സ്വന്തമായി സ്വരൂപിക്കേണ്ടിവരും. ചെലവിന്റെ ഭൂരിഭാഗവും വായ്പയായി വാങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദേശ ബാങ്കുകളില്‍നിന്ന് വാങ്ങുന്ന വായ്പ ആര്, എങ്ങനെ തിരിച്ചടക്കുമെന്ന ചോദ്യത്തിന് ഇടതുസര്‍ക്കാറിന് മറുപടിയില്ല. ശമ്പളത്തിനു പോലും പണമില്ലാതെ വലയുന്ന സംസ്ഥാനത്തിന്റെ തലയിലേക്ക് വലിയ ബാധ്യതയാണ് വരാന്‍ പോകുന്നത്. കെ-റെയില്‍ നാടിന് ഗുണകരമാവില്ലെന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ നിരീക്ഷണവും സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ, അത് അധിക കാലം തുടരാനാവില്ല. വലിയ നാണക്കേടില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ അതിവേഗ തീവണ്ടിയില്‍നിന്ന് ഇറങ്ങുന്നതാണ് സര്‍ക്കാറിന് നല്ലത്.

 

Test User: